കളമശേരി: എല്ലാ കിടപ്പുരോഗികൾക്കും ചികിത്സാ സേവനങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സാർവത്രിക പാലിയേറ്റീവ് കെയർ സംവിധാനം ആരോഗ്യ രംഗത്ത് കേരളത്തിന്റെ പുതിയ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശേരി രാജഗിരി സ്കൂളിൽ നടന്ന ചടങ്ങിൽ സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹോം കെയർ യൂണിറ്റുകൾ, പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകൾ, ചാരിറ്റബിൾ, സോഷ്യൽ സംഘടനകൾ എന്നിവയെ ഒരു കുടക്കീഴിയിൽ കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം.
"കേരള കെയർ" പാലിയേറ്റീവ് ഗ്രിഡിൽ പാലിയേറ്റീവ് പരിചരണം നൽകുന്ന 1362 സർക്കാർ സ്ഥാപനങ്ങളും 1085 സന്നദ്ധ സംഘടനകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പതിനായിരത്തോളം പുതിയ സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്തു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പാലിയേറ്റീവ് കെയർ ഗ്രിഡ് പ്രവർത്തന മാർഗരേഖ പ്രകാശനം ചെയ്തു. ഓപ്പൺ ഹെൽത്ത് കെയർ നെറ്റ്‌വർക്ക് ടീമിനുള്ള ഉപഹാരം മന്ത്രി വീണാ ജോർജും മന്ത്രി എം.ബി. രാജേഷും ചേർന്നു നൽകി. വ്യവസായ മന്ത്രി പി. രാജീവ്, പി.വി. ശ്രീനിജിൻ എം.എൽ.എ, ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കളമശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. എസ്. ചിത്ര എന്നിവർ പങ്കെടുത്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |