കോട്ടയം: കോട്ടയം സംസ്ഥാനത്ത് അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി. പ്രഖ്യാപനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.
അതിദാരിദ്ര്യ നിർമ്മാർജനത്തിൽ കേരളം കൈവരിച്ച പുരോഗതി ഇതര സംസ്ഥാനങ്ങൾ ആശ്ചര്യത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. 2021ൽ സർക്കാർ ചുമതലയേൽക്കുമ്പോൾ ആദ്യ മന്ത്രിസഭാ തീരുമാനമാണ് 2025 നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുകയെന്നത്. അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നത്.
കുടുംബശ്രീയെ സർവേക്കായി ചുമതലപ്പെടുത്തി. 64,006 കുടുംബങ്ങളെ അതിദാരിദ്യമനുഭവിക്കുന്നവരായി കണ്ടെത്തി. എന്താണ് അവരുടെ പ്രശ്നങ്ങളെന്ന് മനസിലാക്കി, പരിഹാരത്തിന് മൈക്രോ പ്ലാൻ തയ്യാറാക്കി പ്രവർത്തിച്ചു.
ജില്ലയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സ്മരണിക മന്ത്രി വി.എൻ. വാസവന് നൽകി പ്രകാശനം ചെയ്തു. കളക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |