കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ലിയു.ജെ) സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ജേർണലിസ്റ്റ്സ് വെൽഫെയർ ഫണ്ട് അതിജീവനത്തിന്റെ വഴിതുറക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജേർണലിസ്റ്റ്സ് വെൽഫെയർ ഫണ്ട് ഉദ്ഘാടനവും വിരമിച്ച പത്രപ്രവർത്തകരെ ആദരിക്കലും എറണാകുളം ടി.ഡി.എം ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർവീസ് കാലത്ത് മരണം സംഭവിക്കുന്നവർക്ക് 10 ലക്ഷവും ജോലിയെടുക്കാൻ കഴിയാത്തവിധം ശാരീരിക വിഷമതയിൽ ആകുന്നവർക്ക് മൂന്നുലക്ഷം രൂപയും സഹായം നൽകുന്നത് ശ്രദ്ധേയമാണ്. വിരമിക്കുന്ന മാദ്ധ്യമ പ്രവർത്തകരെ 65 വയസ് വരെ അസോസിയേറ്റ് അംഗമായി നിലനിറുത്തി സംരക്ഷിക്കുന്നതും കരുതലാണ്. മാദ്ധ്യമപ്രവർത്തകർ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിൽ ക്ഷേമപദ്ധതികളുമായി കെ.യു.ഡബ്ലിയു.ജെ മുന്നോട്ടുവന്നത് അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് ഡി ലഹരിവിരുദ്ധയജ്ഞം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി അദ്ധ്യക്ഷത വഹിച്ചു. ജേർണലിസ്റ്റ്സ് വെൽഫെയർ ഫണ്ട് പദ്ധതിയുടെ ആദ്യ അംഗത്വം കെ.യു.ഡബ്ലിയു.ജെ എറണാകുളം ജില്ലാ പ്രസിഡന്റ് ആർ.ഗോപകുമാർ ഏറ്റുവാങ്ങി. വിരമിച്ച അംഗങ്ങളെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രി പി.രാജീവ്, ടി.ജെ.വിനോദ് എം.എൽ.എ, ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ എന്നിവർ മെമന്റോ നൽകി ആദരിച്ചു. കെ.യു.ഡബ്ലിയു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ഇടപ്പാൾ, ട്രഷറർ കെ.വി.മധുസൂദനൻ കർത്ത, എറണാകുളം ജില്ലാ സെക്രട്ടറി ഷജിൽകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |