കൊൽക്കത്ത: ബംഗാളിലെ സൗത്ത് കൽക്കട്ട ലാ കോളേജിൽ കൂട്ടമാനഭംഗത്തിനിരയായ നിയമവിദ്യാർത്ഥിനിയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് പുറത്ത്. ആക്രമണം നടന്നതിന്റെ ഒന്നിലധികം ലക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകളുണ്ട്. റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സ്വകാര്യഭാഗത്തോ വായിലോ പരിക്കുകൾ കണ്ടെത്തിയിട്ടില്ല. ഫോറൻസിക് സ്ഥിരീകരണം കൂടി വന്നാലെ കൃത്യമായി പറയാനാകു എന്ന് ഡോക്ടർമാർ അറിയിച്ചു. മൂന്ന് സ്വാബുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സംഭവത്തിൽ ലാ കോളേജിലെ സുരക്ഷാ ജീവനക്കാരൻ പിനാകി ബാനർജിയും (55) അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവർ നാലായി. ചോദ്യംചെയ്യലിൽ ഇയാളുടെ മറുപടികളിൽ പൊരുത്തക്കേടുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് അയാൾ പരിസരത്തുണ്ടായിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് നേരത്തേ അറസ്റ്റിലായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജൂലായ് ഒന്നുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ 25ന് വൈകിട്ട് 7:30നും രാത്രി 8:50നും ഇടയിലാണ് സംഭവം നടന്നത്. മുഖ്യപ്രതി മനോജിത്തിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെയാണ് കൊടുംക്രൂരത നേരിടേണ്ടിവന്നതെന്നാണ് യുവതി പൊലീസിന് നൽകിയ പരാതി. തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛാത്രപരിഷത്തിന്റെ (ടി.എം.സി.പി) സൗത്ത് കൊൽക്കത്ത ജില്ലാ യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയാണ് മനോജിത്. മറ്റു രണ്ടുപേരും വിദ്യാർത്ഥികളാണ്.
മജുംദാർ
കസ്റ്റഡിയിൽ
അതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച കേന്ദ്ര മന്ത്രിയും ബംഗാൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാറിനെ പൊലീസ് കസ്റ്രഡിയിലെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർച്ചയായി കുറ്റകൃത്യമുണ്ടാകുന്നതിനെ മജുംദാർ വിമർശിച്ചിരുന്നു.
ബംഗാളിലെ ജനാധിപത്യത്തിന്റെ മുഖമാണിതെന്നും മമതാ ബാനർജി ജനാധിപത്യം നശിപ്പിച്ചു. അവർ അധികാരത്തുനിന്ന് ഒഴിയണെന്നും പ്രതികരിച്ചു.
വിവാദ പ്രസ്താവനയുമായി
ടി.എം.സി നേതാവ്
അതിനിടെ കേസിൽ വിവാദ പ്രസ്താവനയുമായി തൃണമൂൽ എം.പി കല്യാൺ ബാനർജി. സുഹൃത്ത് സുഹൃത്തിനെ മാനഭംഗപ്പെടുത്തിയാൽ എന്തു ചെയ്യാമാകുമെന്നായിരുന്നു പരാമർശം. സംഭവത്തെ അംഗീകരിക്കുന്നില്ല. പ്രതികളെ അറസ്റ്റ് ചെയ്യണം. കുറച്ച് ആളുകളാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. എന്നാൽ സുഹൃത്ത് സുഹൃത്തിനെ മാനഭംഗപ്പെടുത്തിയാൽ എന്തു ചെയ്യാൻ പറ്റും? ആരാണ് പെൺകുട്ടിയെ സംരക്ഷിക്കുക? ഇത് സർക്കാർ കോളേജാണ്. പോലീസ് എപ്പോഴും അവിടെ ഉണ്ടാകുമോ?ചിന്താഗതിയിൽ മാറ്റം വരാതെ കുറ്റകൃത്യങ്ങൾ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. ലജ്ജയുടെ എല്ലാ അതിരുകളും കല്യാൺ ലംഘിച്ചതായി അമിത് മാളവ്യ പറഞ്ഞു. 'അത് സഹപാഠികൾ ചെയ്തതാണെന്ന് പറഞ്ഞ് അദ്ദേഹം കുറ്റകൃത്യത്തെ നിസാരവത്കരിച്ചെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |