ആലപ്പുഴ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കിന് മുകളിൽ അതിക്രമിച്ച് കയറിയ യുവാക്കൾ റിമാൻഡിൽ. പള്ളിപ്പുറം പഞ്ചായത്തിലെ വെള്ളിമുറ്റത്ത് സ്ഥിതി ചെയ്യുന്ന 24 മീറ്റർ ഉയരമുള്ള വാട്ടർടാങ്കിന്റെ മുകളിൽ അതിക്രമിച്ചു കയറുകയും കുടിവെള്ളത്തിൽ ഇറങ്ങുകയും ചെയ്തതിനാണ് പാണാവള്ളി പഞ്ചായത്ത് 16-ാo വാർഡിൽ കളരിത്തറ ജയരാജ് (27), തൈക്കാട്ടുശേരി പുത്തൻ നികർത്തിൽ അതുൽ കൃഷ്ണ, മണ്ണാരംകാട് വീട്ടിൽ യദുകൃഷ്ണൻ (25) എന്നിവരെ അറസ്റ്റുചെയ്തത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ശനിയാഴ്ച്ച വൈകിട്ടാണ് പ്രതികൾ മൂന്നുപേരും ചേർന്ന് പള്ളിപ്പുറത്തുള്ള വാട്ടർടാങ്കിന്റെ മുകളിൽ കയറിയത്. വാട്ടർ ടാങ്കിന്റെ മുകളിലെ മാൻഹോളിലൂടെ പ്രതികൾ ടാങ്കിൽ ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിക്കുകയായിരുന്നു. ഇവർ വെള്ളത്തിലിറങ്ങിയതിനെ തുടർന്ന് ടാങ്കിലുണ്ടായിരുന്ന വെള്ളം മുഴുവൻ തുറന്നു വിടേണ്ടിവന്നു. ഇതോടെ പള്ളിപ്പുറം പഞ്ചായത്തിൽ കുടിവെള്ള വിതരണം തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |