ഇന്റർ മയാമിയെ 4-0ത്തിന് തോൽപ്പിച്ച് പാരീസ് എസ്.ജി ക്ളബ് ലോകകപ്പ് ക്വാർട്ടറിൽ
ബെൻഫിക്കയെ 4-1ത്തിന് തോൽപ്പിച്ച് ചെൽസി ക്ളബ് ലോകകപ്പ് ക്വാർട്ടറിൽ
ബോട്ടഫോഗോയെ കീഴടക്കി പാൽമെയ്റാസും ക്വാർട്ടർ ഫൈനലിൽ
ഫിലാഡൽഫിയ : സൂപ്പർ താരം ലയണൽ മെസി അണിനിരന്ന അമേരിക്കൻ ക്ളബ് ഇന്റർ മയാമിയെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തോൽപ്പിച്ച് മെസിയുടെ മുൻ ക്ളബ് പാരീസ് എസ്.ജി ക്ളബ് ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടറിലെത്തി.യോവോ നെവസിന്റെ ഇരട്ട ഗോളുകളും അഷ്റഫ് ഹക്കീമിയുടെ ഗോളും തോമസ് അവിലേസിന്റെ സെൽഫ് ഗോളുമാണ് പാരീസിന് ആഘോഷമൊരുക്കിയത്. മെസിയും സുവാരേസും ഇന്റർ മയാമിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു.
മറ്റൊരു പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയെ തകർത്തെറിഞ്ഞ് ഇംഗ്ളീഷ് ക്ളബ് ചെൽസിയും ക്വാർട്ടറിലെത്തി. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ പ്രീ ക്വാർട്ടർ മത്സരത്തിന്റെ അധികസമയത്ത് മൂന്നുഗോളുകൾ നേടിയാണ് ചെൽസി അവസാന എട്ടിലേക്ക് എത്തിയത്.
64-ാം മിനിട്ടിൽ റീസ് ജെയിംസിലൂടെ മുന്നിലെത്തിയിരുന്ന ചെൽസിയെ 90+5-ാം മിനിട്ടിൽ അർജന്റീനിയൻ വെറ്ററൻ താരം ഏയ്ഞ്ചൽ ഡി മരിയയിലൂടെയാണ് ബെൻഫിക്ക സമനിലയിൽ പിടിച്ചത്. അധികസമയത്തിന്റെ സമയത്തിന്റെ തുടക്കത്തിൽതന്നെ ജിയാൻലൂക്ക പ്രെസ്റ്റിയാനി ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ ബെൻഫിക്ക 10 പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത് മുന്നേറിയ ചെൽസിക്കായി 108-ാം മിനിട്ടിൽ ക്രിസ്റ്റഫർ എൻകുൻകുവും114-ാം മിനിട്ടിൽ പെഡ്രോ നെറ്റോയും 117-ാം മിനിട്ടിൽ കെയ്ർനാൻ ഡ്യൂസ്ബറിഹാളും നേടിയ ഗോളുകൾ മത്സരത്തിന്റെ വിധിയെഴുതി.
മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ സ്വന്തം നാട്ടുകാരായ ബോട്ടഫോഗോയെ 1-0ത്തിന് കീഴടക്കിയെത്തിയ പാൽമെയ്റാസ് ക്ളബാണ് അടുത്ത ശനിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ ചെൽസിയുടെ എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |