തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാനും യു.ഡി.എഫ് 'ഹെൽത്ത് കമ്മിഷനെ" രൂപീകരിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങളിലെ പൊതുജനാരോഗ്യ പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുള്ള ആഗോള ആരോഗ്യ വിദഗ്ദ്ധനായ ഡോ. എസ്.എസ്. ലാലാണ് അഞ്ചംഗ സമിതിയുടെ അദ്ധ്യക്ഷൻ.
ലോകാരോഗ്യ സംഘടനയുൾപ്പെടെ വിവിധ യു.എൻ പ്രസ്ഥാനങ്ങളിലും സമാന അന്തർദേശീയ പ്രസ്ഥാനങ്ങളിലും ഉന്നത നേതൃസ്ഥാനങ്ങൾ വഹിച്ച ഡോ. ലാൽ ആഗോള ആരോഗ്യ പ്രസ്ഥാനത്തിന്റെ ഏഷ്യാപസഫിക് ഡയറക്ടറും പൊതുജനാരോഗ്യ പ്രൊഫസറും യു.എൻ. കൺസൽട്ടന്റുമാണ്. ഡോ. ശ്രീജിത് എൻ.കുമാർ,പ്രൊഫ. ഡോ.രാജൻ ജോസഫ് മാഞ്ഞൂരാൻ (പുഷ്പഗിരി കോളേജ് മുൻ പ്രിൻസിപ്പൽ),ഡോ. പി.എൻ.അജിത (ഗൈനക്കോളജിസ്റ്റ്,കോഴിക്കോട്),ഡോ. ഒ.ടി.മുഹമ്മദ് ബഷീർ (റിട്ട. സിവിൽ സർജൻ ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്) എന്നിവരാണ് മറ്റ് അംഗങ്ങൾ.
മൂന്ന് മാസത്തിനുള്ളിൽ പ്രഥമ റിപ്പോർട്ടും ആറ് മാസത്തിനുള്ളിൽ സമ്പൂർണ റിപ്പോർട്ടും സമർപ്പിക്കും.
യു.ഡി.എഫ് നിർദ്ദേശിക്കാൻ പദ്ധതിയിടുന്ന ബദൽ ആരോഗ്യനയത്തിന് മുന്നോടിയായിരിക്കും ഈ കമ്മിഷൻ റിപ്പോർട്ട്. യു.ഡി.എഫ് ആരോഗ്യ രംഗത്ത് രൂപീകരിക്കുന്ന കേരള ഹെൽത്ത് വിഷൻ 2050ന് അടിസ്ഥാന ശില പാകുന്നതിന് ഈ റിപ്പോർട്ട് ഉപയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |