ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി
കോഴിക്കോട് : ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ മുഖം മിനുക്കലിനൊരുങ്ങുകയാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ മുത്തശ്ശിപ്പാറ. കായണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മുത്തശ്ശിപ്പാറയിലെത്തിയാൽ അറബിക്കടലും മലനിരകളും കാണാം. കൂടുതൽ ഹരിതഭംഗിയോടെ വയനാടിന്റെ വനപ്രദേശങ്ങളും വയലടയും ദൃശ്യമാകും. പയ്യോളി കടൽ തീരമാണ് മറുവശം. ശൈത്യകാലത്തെ കാഴ്ചകളാണ് കൂടുതൽ മനോഹരം. വനം വകുപ്പുമായി കായണ്ണ ഗ്രാമപഞ്ചായത്ത് അധികൃതർ നടത്തിയ ചർച്ചയിലാണ് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താൻ ധാരണയായത്.
30 ലക്ഷം രൂപയുടെ വികസനം
ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിന് 10 ലക്ഷം രൂപയാണ് വനം വകുപ്പ് അനുവദിച്ചത്. ഇതുപയോഗിച്ച് നടപ്പാത, ഹാൻഡ് റെയിൽ, ഇരിപ്പിടം തുടങ്ങിയവ നിർമിക്കും. ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കുന്നതോടൊപ്പം മൂന്ന് ടൂറിസം ഗൈഡുകളെയും അനുവദിക്കും. കുടിവെള്ളം, ശുചിമുറി എന്നിവയ്ക്കായി കായണ്ണ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇവിടേക്കെത്തുന്ന 800 മീറ്റർ റോഡ് വികസനത്തിന് 10 ലക്ഷവും നീക്കിവെച്ചു. സംരക്ഷണ വേലി, ഇരിപ്പിടം, സോളാർ ലൈറ്റ്, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ ശിൽപം എന്നിവ വനംവകുപ്പ് ഒരുക്കും. റോഡ്, കുടിവെള്ളം, ടോയ്ലറ്റ്, വേസ്റ്റ് ബിൻ എന്നിവ പഞ്ചായത്തും നിർമിക്കും. മുത്തശ്ശിപ്പാറയുടെ സമീപത്തെ ഗുഹയും ടൂറിസം സാദ്ധ്യത പരിശോധിച്ച് വികസിപ്പിക്കും. കുത്തനെയുള്ള പാറയിലൂടെ മുകളിൽ കയറാൻ ട്രക്കിംഗ് സൗകര്യം ഒരുക്കും.
'നാടൻ ഭക്ഷണം നൽകുന്ന കഫറ്റീരിയ, ഹോം സ്റ്റേ തുടങ്ങിയ സൗകര്യങ്ങളും പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കും' സി.കെ ശശി, പ്രസിഡന്റ് , കായണ്ണ ഗ്രാമപഞ്ചായത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |