മരുന്ന് പ്രതിസന്ധി രൂക്ഷം
നാളെ ചർച്ച
കോഴിക്കോട്: രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരില്ലാതെ നട്ടം തിരിയുന്ന മെഡി.കോളേജിൽ മരുന്ന് വിതരണവും പ്രതിസന്ധിയിലേക്ക്. കോടികൾ കുടിശ്ശികയായതോടെ പ്രതിസന്ധിയിലായ വിതരണക്കാർ ഒരിടവേളയ്ക്ക് ശേഷം മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും നിർത്താനൊരുങ്ങുകയാണ്. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയചികിത്സയടക്കം മുടങ്ങും. മെഡിക്കൽ ഡിവെെസ് ഇൻഡസ്ട്രി വെൽഫെയർ അസോസിയേഷൻ, ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോ. തുടങ്ങിയവർക്കെല്ലാം കോടികളാണ് മെഡി.കോളേജ് നൽകാനുള്ളത്. നേരത്തെ ഓരോ മാസവും നിശ്ചിത തുക ആശുപത്രി വികസന സമിതി വിതരണക്കാർക്ക് നൽകാറുണ്ടായിരുന്നു. എന്നാൽ ഫണ്ടില്ലാതായതോടെ അതും നിറുത്തി. നിലവിൽ പല വിതരണക്കാരും വിതരണം ചെയ്തിരുന്നതിന്റെ പകുതി ഉപകരണങ്ങളും മരുന്നുമാണ് വിതരണം ചെയ്യുന്നത്. നിലവിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലുള്ള ന്യായവില മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ തീരുന്ന മട്ടാണ്. പല രോഗത്തിനുമുള്ള മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ലഭ്യമല്ലെന്നും ലഭ്യമായ മരുന്നുകൾ നൽകുകയും ബാക്കിയുള്ളവ പുറത്ത്നിന്ന് വാങ്ങാനുമാണ് ഡോക്ടർമാർ പറയുന്നതെന്നും രോഗികൾ പറയുന്നു.
ഹൗസ് സർജൻസി കോഴ്സ് പൂർത്തിയാക്കിയ 242 ഡോക്ടർമാർ കഴിഞ്ഞ ദിവസം ഇറങ്ങിയതിനൊപ്പം പ്രധാന ഡോക്ടർമാരുടെ കൂട്ട സ്ഥലമാറ്റവും ആശുപത്രി പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുകയാണ്. ഇതിനൊപ്പം മരുന്ന് പ്രതിസന്ധിയും രൂക്ഷമായാൽ പ്രവർത്തനം താളംതെറ്റും.
നിലയ്ക്കുമോ 'ഹൃദയ' താളം
ഹൃദയ ചികിത്സകൾക്കായി ആവശ്യമായ സ്റ്റെന്റ്, പേസ്മേക്കർ,കാർഡിയാക് മോണിറ്റേഴ്സ്, വിവിധ തരം വാൽവുകൾ, ഡിഫിബ്രില്ലേറ്ററുകൾ
തുടങ്ങിയ വിതരണം ചെയ്ത വകയിൽ 38 കോടിയാണ് മെഡിക്കൽ ഡിവെെസ് ഇൻഡസ്ട്രി വെൽഫെയർ അസോസിയേഷന് ലഭിക്കാനുള്ളത്. കാരുണ്യ ബെനവലന്റ് ഫണ്ടിൽ (കെ.ബി.എഫ്) രണ്ടര വർഷത്തെ കുടിശ്ശിക 13 കോടിയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) കഴിഞ്ഞ സെപ്തംബർ മുതലുള്ള 25 കോടിയുമാണ് കുടിശ്ശികയുള്ളത്. കുടിശിക കൂടിവരുന്നതിനാൽ കമ്പനികളിൽ നിന്ന് സ്റ്രെന്റ് ഉൾപ്പെടെ ലഭിക്കാത്ത സാഹചര്യമാണെന്ന് വിതരണക്കാർ പറഞ്ഞു. ഇൻഷ്വറൻസ് ഇനത്തിൽ ആശുപത്രിക്ക് ലഭിക്കാനുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് പണം നൽകാൻ സാധിക്കാത്തതെന്നാണ് മെഡി. കോളേജ് അധികൃതരുടെ വിശധീകരണം. പ്രതിസന്ധി രൂക്ഷമായാൽ ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിക്കുകയും ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി തുടങ്ങിയവ മുടങ്ങുകയും ചെയ്യും.
''കുടിശിക ലഭിക്കാൻ ഇനിയും വൈകിയാൽ വിതരണം നിറുത്തി വയ്‌ക്കേണ്ടി വരും. വിഷയത്തിൽ നാളെ മെഡി.കോളേജ് സൂപ്രണ്ടുമായി ചർച്ച നടത്തും''- സംഗീത്, സെക്രട്ടറി, മെഡിക്കൽ ഡിവെെസ് ഇൻഡസ്ട്രി വെൽഫെയർ അസോ.
പണം കുടിശ്ശികയുള്ളതിനാൽ പ്രയാസത്തിലാണ്. പക്ഷേ, തുക എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. മരുന്നുകളുടേയും സർജിക്കൽ ഉപകരണങ്ങളുടേയും വിതരണം ഇതുവരെ നിറുത്തിയിട്ടില്ല"' കല്ലാട്ട് രഞ്ജിത്ത്, പ്രസിഡന്റ് ,ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |