തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചതിന് പിന്നാലെ നിയമനത്തിന്റെ സാഹചര്യങ്ങളും യുക്തിയും വിശദീകരിച്ച് സി.പി.എം നേതാക്കൾ. കൂത്തുപറമ്പ് വെടിവയ്പ് നടത്തിയവരിൽ ഒരാളാണ് റവാഡയെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജിന്റെ പരാമർശത്തെ തുടർന്നാണിത്.
മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനമനമെന്നും റവാഡയുടെ നിയമനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സർക്കാരാണെന്നും പി. ജയരാജൻ പറഞ്ഞത് നല്ല അർത്ഥത്തിലല്ല. പ്രത്യക്ഷത്തിൽ ജയരാജന്റെ പരാമർശത്തിൽ നിയമനത്തോട് എതിർപ്പില്ലെങ്കിലും ഉള്ളിലെ അതൃപ്തി അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്.മൂന്നംഗ പട്ടികയിൽ ഭേദം റവാഡയാണെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതായാണ് അറിയുന്നത്.
സർക്കാർ തീരുമാനത്തിനൊപ്പമാണ് പാർട്ടി എന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. കൂത്തുപറമ്പ് കേസിൽ കോടതി റവാഡയെ കുറ്റവിമുക്തനാക്കിയതാണ്. കേന്ദ്രം നൽകിയ ലിസ്റ്റിൽ നിന്നാണ് സർക്കാർ തീരുമാനമെടുത്തത്. സർക്കാർ തീരുമാനത്തെ പാർട്ടി അംഗീകരിക്കുന്നതായും ,പി.ജയരാജൻ പറഞ്ഞത് എതിർപ്പല്ലെന്നുമാണ് ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. റവാഡ ചന്ദ്രശേഖറിന്റെ നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചെന്നാണ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ യോഗ്യത അളക്കുന്നത് ക്രമസമാധാന പരിപാലനം, അന്വേഷണ മികവ്, ഭരണ മികവ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണെന്നും വാസവൻ ചൂണ്ടിക്കാട്ടി. റവാഡയെ നിയമിച്ചത് സ്വാഭാവിക പ്രക്രിയയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കൂത്ത്പറമ്പ് കാലത്ത് തങ്ങളെ ക്രൂരമായി മർദ്ദിച്ച കമ്മീഷണറായിരുന്നു ലോക്നാഥ് ബഹ്റ . അദ്ദേഹം പിന്നീട് പൊലീസ് മേധാവിയായി- രാജീവ് ചൂണ്ടിക്കാട്ടി.
സർക്കാരിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സി.പി.ഐയ്ക്കും. ഡി.ജി.പി സ്ഥാനത്തേക്ക് അജിത് കുമാർ വരുന്നതിനെയാണ് സി.പി.ഐ എതിർത്തതെന്നും ഡി.ജി.പിയെ നിശ്ചയിക്കാനുള്ള അവകാശം സർക്കാരിനാണെന്നും ബിനോയ് വിശ്വം
മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരുദ്യോഗസ്ഥന്റെ സർവീസ് കാലയളവിൽ പല കേസുകളുടെ ഭാഗമാവാം. അന്നത്തെ നയമായിരിക്കും എല്ലാ സമയത്തുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |