പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഓമല്ലൂർ മണികണ്ഠൻ ചരിഞ്ഞു. 62 വയസായിരുന്നു. എരണ്ടകെട്ടിനെ തുടർന്ന് അവശനിലയിലായ കൊമ്പൻ കഴിഞ്ഞ 32 ദിവസമായി ചികിത്സയിലായിരുന്നു. ഓമല്ലൂർ ക്ഷേത്രത്തിന് സമീപമുള്ള ആനകൊട്ടിലിൽ ഇന്നലെ വൈകിട്ട് 3.30ന് കൊമ്പുകുത്തിയിരുന്ന മണികണ്ഠനെ വൈകിട്ട് 6.10ന് യന്ത്രസഹായത്തോടെ ചരിച്ചു കിടത്തിയെങ്കിലും 6.20ന് ചരിഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും. പ്രശസ്ത സിനിമാനടി കെ.ആർ.വിജയ 1974ൽ ശബരിമലയിൽ നടയ്ക്കിരുത്തിയ ആനയെ ഏതാനും വർഷങ്ങൾക്കുശേഷം ഓമല്ലൂരിലേക്ക് കൊണ്ടുവന്നു. കുറുമ്പ് കൂടുതൽ കാട്ടിയതിനെ തുടർന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടു വർഷത്തിന് ശേഷം തിരികെ ഓമല്ലൂരിലേക്കും കൊണ്ടുവന്നു. ഒൻപതേ മുക്കാൽ അടി ഉയരവും വിരിഞ്ഞ മസ്തകം, നിലത്തിഴയുന്ന തുമ്പികൈ, നീണ്ട കൊമ്പുകൾ, വലിയ ചെവി, നീളമുള്ള വാല്, ലക്ഷണമൊത്ത നഖങ്ങൾ എന്നിവ ഓമല്ലൂർ മണികണ്ഠനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ലക്ഷണമൊത്ത ആനകളിൽ പ്രധാനിയാക്കി.
ഓമല്ലൂർ ഗജസംരക്ഷണ സമിതിയും ചെങ്ങന്നൂർ മഹാദേവക്ഷേത്ര സമിതിയും മണികണ്ഠന് ഗജരാജപട്ടം നൽകി ആദരിച്ചിട്ടുണ്ട്. ഏറെക്കാലം ശബരിമല ക്ഷേത്രത്തിൽ അയ്യപ്പസ്വാമിയുടെ തിടമ്പ് ഏറ്റിയിരുന്ന മണികണ്ഠനെ മദപ്പാടിനെ തുടർന്നാണ് ശബരിമലയിൽ നിന്ന് ഒഴിവാക്കിയത്. മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്ര ഉത്സവങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു മണികണ്ഠൻ. മർദ്ദിച്ച് വരുതിയിലാക്കാൻ ശ്രമിച്ച നാല് പാപ്പാന്മാരെ കൊമ്പൻ വകവരുത്തിയ ചരിത്രവുമുണ്ട്. 13 വർഷം മുൻപ് ക്ഷേത്രത്തിൽ ആനയെ അഴിച്ച രാജീവെന്ന പാപ്പാനെ കുത്താൻ ശ്രമിക്കുകയും കൊമ്പിനിടയിൽ നിന്ന് ഇയാൾ ഊർന്ന് മാറി രക്ഷപെടുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. പാപ്പാന്മാരെ തുടർച്ചയായി ആക്രമിക്കാൻ ശ്രമച്ചതോടെ ഏറെ നാൾ ആനയെ ഒരേസ്ഥലത്ത് തളച്ചിട്ടിരുന്നു. പ്രശസ്ത ആനപാപ്പാൻ ത്രിത്താല രാമചന്ദ്രന്റെ ശിക്ഷ്യൻ തെക്കൻ ബിനു പാപ്പാനായി എത്തിയതോടെയാണ് മണികണ്ഠന് വീണ്ടും ഉത്സവങ്ങളിൽ എഴുന്നള്ളിച്ച് തുടങ്ങിയത്. നിലവിൽ ഹരിപ്പാട് ഗോപൻ, വിജീഷ് എന്നിവരായിരുന്നു പാപ്പാന്മാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |