കൊച്ചി: തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. വിചാരണ നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. 2021 മുതലുള്ള കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം നൽകിയ കേസ് കൊച്ചി പി.എം.എൽ.എ കോടതിയാണ് പരിഗണിക്കുന്നത്.
സി.പി.എം നേതാക്കൾ ഉൾപ്പെട്ട 100 കോടി രൂപയുടെ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻജീവനക്കാരനായ എം.വി. സുരേഷാണ് ഹർജി നൽകിയത്.
ഒരു പ്രധാന കേസും 21 മറ്റു കേസുകളുമാണുള്ളത്. പ്രധാന കേസിൽ രണ്ടു കുറ്റപത്രങ്ങളുണ്ട്. 21 കേസുകളിൽ പത്തെണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. 11 കേസുകളിൽ അന്വേഷണം ഏറക്കുറെ പൂർത്തിയായി.
ഇ.ഡിയുടെ കുറ്റപത്രത്തിൽ (ഇ.സി.ഐ.ആർ) പേരുള്ള എല്ലാവരുടെയും പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇതിനായി ഇ.ഡിയോട് ഇ.സി.ഐ.ആറും സത്യവാങ്മൂലവും ക്രൈംബ്രാഞ്ചിന് കൈമാറാനും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |