വാഷിംഗ്ടൺ: ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിന് സാദ്ധ്യത. ഇതുസംബന്ധിച്ച് യു.എസ് ആവിഷ്കരിച്ച കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചു. മിഡിൽ ഈസ്റ്റിന്റെ നന്മയ്ക്കായി ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അല്ലാത്തപക്ഷം കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
കരാറിന്റെ അന്തിമ രൂപം ഈജിപ്റ്റും ഖത്തറും ഹമാസിന് കൈമാറി. കരാർ പഠന വിധേയമാക്കുമെന്ന് അറിയിച്ച ഹമാസ്, കരാർ യുദ്ധത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുമെങ്കിൽ അത് അംഗീകരിച്ചേക്കുമെന്നും സൂചിപ്പിച്ചു. അടുത്ത ആഴ്ചയോടെ വെടിനിറുത്തൽ- ബന്ദി മോചന കരാർ പ്രാബല്യത്തിൽ വരുത്താനായേക്കുമെന്ന് ട്രംപ് വ്യക്തമാക്കി. 60 ദിവസത്തിനിടെ എല്ലാവരുമായി ചേർന്ന് യുദ്ധം അവസാനിപ്പിക്കാനായി പ്രവർത്തിക്കാമെന്നും ട്രംപ് വാഗ്ദ്ധാനം ചെയ്തു.
കരാറിലെ വ്യവസ്ഥകൾ പുറത്തുവിട്ടിട്ടില്ല. വെടിനിറുത്തലിനിടെ ഹമാസ് നിശ്ചിത എണ്ണം ഇസ്രയേലി ബന്ദികളെ വിട്ടുനൽകുമ്പോൾ ആയിരത്തിലേറെ പാലസ്തീനിയൻ തടവുകാരെ ഇസ്രയേലിലെ ജയിലുകളിൽ നിന്ന് മോചിപ്പിക്കണം. ഗാസ വിഷയം ചർച്ച ചെയ്യാൻ ഇസ്രയേലിന്റെ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം യു.എസിലെത്തിയിരുന്നു. തിങ്കളാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിൽ ട്രംപുമായി ചർച്ച നടത്തും.
അതേസമയം, യുദ്ധം അവസാനിപ്പിക്കാമെങ്കിൽ ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. യുദ്ധത്തിൽ ഇതുവരെ 56,600ലേറെ പാലസ്തീനികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 40ലേറെ പേരും മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |