കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ധ്രുവ ഗവേഷണ കപ്പൽ അഞ്ചുവർഷത്തിനകം പൂർത്തിയാകും. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ കൊൽക്കത്തയിലുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് കപ്പൽശാലയിൽ ഉടൻ നിർമ്മാണം തുടങ്ങും. മഞ്ഞുമൂടിയ ആർട്ടിക്, അന്റാർട്ടിക് ധ്രുവങ്ങളിൽ ഇന്ത്യ നടത്തുന്ന പര്യവേഷണങ്ങൾക്ക് പുതിയ കപ്പൽ മുതൽക്കൂട്ടാകും. ചെലവ് കുറയ്ക്കാനുമാകും. മറ്റു രാജ്യങ്ങളിലെ ചാർട്ടേഡ് ഗവേഷണ കപ്പലുകളെയാണ് ഇന്ത്യ ഇപ്പോൾ ആശ്രയിക്കുന്നത്.
നോർവേയിലെ കോംഗ്സ്ബെർഗ് മാരിടൈമിന്റെ സാങ്കേതിക സഹായത്തോടെയാണ് നിർമ്മാണം. ധാരണാപത്രമായി. സുസ്ഥിര സമുദ്ര സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 'മഹാസാഗർ' വിഷന്റെ ഭാഗമായാണ് പോളാർ റിസർച്ച് വെസൽ നിർമ്മിക്കുന്നത്.
നിർമ്മാണം പൂർത്തിയായാൽ കപ്പൽ ഗോവയിലെ നാഷണൽ സെന്റർ ഒഫ് പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് ഏറ്റുവാങ്ങും. ആർട്ടിക്കിനോട് അടുത്തു സ്ഥിതിചെയ്യുന്ന നോർവേയിലെ സ്പിറ്റ്സ്‌ബെർഗൻ ദ്വീപിൽ ഇന്ത്യയ്ക്ക് ബേസ് സ്റ്റേഷനുണ്ട്.
സീസ്‌മോമീറ്റർ, ലാബ്
1.കപ്പലിൽ അതിനൂതന ലബോറട്ടറി സംവിധാനങ്ങളും ശാസ്ത്രീയ ഉപകരണങ്ങളും സീസ്‌മോ മീറ്ററുകളുമുണ്ടാകും
2.ഐസ് പാളികൾ മുറിച്ചുനീക്കി മുന്നോട്ടുപോകാനുള്ള സംവിധാനങ്ങൾ
3.കാലാവസ്ഥാ വ്യതിയാനം, കടലിലെ ആവാസവ്യവസ്ഥ എന്നിവ പ്രധാന പഠനവിഷയങ്ങൾ
ഇന്ത്യയുടെ പോളാർ
ബേസ് സ്റ്റേഷനുകൾ
ഹിമാദ്രി (ആർട്ടിക്)
മൈത്രി, ഭാരതി (അന്റാർട്ടിക്ക)
2,600 കോടി
കപ്പൽ നിർമ്മാണച്ചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |