വാഷിംഗ്ടൺ : രാജ്യത്തേക്കുള്ള ആയുധവിതരണം യു.എസ് ഭാഗികമായി നിറുത്തിവച്ചതോടെ ആശങ്കയിൽ യുക്രെയിൻ. യു.എസിന്റെ നീക്കം, ദിനംപ്രതി രൂക്ഷമാകുന്ന റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാനുള്ള തങ്ങളുടെ ശേഷിയെ ദുർബലമാക്കുമെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നീക്കം റഷ്യയ്ക്ക് പ്രോത്സാഹനമാകുമെന്നും കൂട്ടിച്ചേർത്തു.
കയറ്റുമതി നിറുത്തിവച്ചെന്ന് യു.എസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സ്ഥിതിഗതികളിൽ വ്യക്തത വരുത്താൻ ശ്രമിക്കുകയാണെന്നും യുക്രെയിൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. സൈനിക സഹായം തുടരണമെന്ന് രാജ്യത്തെ യു.എസ് പ്രതിനിധിയെ വിളിച്ചുവരുത്തി യുക്രെയിൻ അഭ്യർത്ഥിച്ചു.
ചില വ്യോമപ്രതിരോധ ഇന്റർസെപ്റ്ററുകളും ഗ്രനേഡ് ലോഞ്ചറുകളും ഏതാനും മിസൈലുകളും മറ്റ് യുദ്ധസാമഗ്രികളും നൽകുന്നതാണ് യു.എസ് നിറുത്തിവച്ചത്. എത്രനാളത്തേക്കാണ് നിയന്ത്രണം എന്ന് വ്യക്തമല്ല. യു.എസിന്റെ ശേഖരം കുറഞ്ഞതിനെ തുടർന്നാണ് നടപടി.
ഡൊണാൾഡ് ട്രംപ് പ്രസിഡന്റായ ശേഷം റഷ്യയോടുള്ള സമീപനം മയപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിന് നയതന്ത്ര പരിഹാരം വേണമെന്നാണ് ട്രംപിന്റെ നിലപാട്. ഇതിനായി യു.എസ് മദ്ധ്യസ്ഥ ശ്രമങ്ങൾ തുടരുന്നു. ഫെബ്രുവരിയിലും മാർച്ചിലും യുക്രെയിനുള്ള ആയുധ സഹായം യു.എസ് നിറുത്തിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |