കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്നുവീണുളള ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതം കാരണമാണ് ബിന്ദു മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ഭാരമുള്ള വസ്തുക്കൾ ശരീരത്തേക്ക് വീണിട്ടാണ് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കോൺക്രീറ്റ് തൂണുകൾ വീണ് ബിന്ദുവിന്റെ തലയോട്ടി തകർന്നതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായ പരിക്കേറ്റിരുന്നു. തലയോട്ടിയും തകർന്നിരുന്നുവെന്നുംവാരിയെല്ല് ഒടിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിൽ ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ശ്വാസം മുട്ടിയാണ് മരിച്ചെന്ന വാദവും ഉയർന്നിരുന്നു. ഈ വാദങ്ങൾ തളളുന്ന രീതിയിലുളള റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നത്. രക്ഷാപ്രവർത്തനം രണ്ടര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചതെന്നും ഇതാണ് ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപണങ്ങളുണ്ട്. എന്നാൽ ബിന്ദുവിനെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത സമയത്ത് ശ്വാസം ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികൾ പറഞ്ഞിരുന്നത്.
അതേസമയം, ബിന്ദുവിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ നടന്നു. മകൻ നവനീതാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാരം. രാവിലെ പത്ത് മണിയോടെയാണ് ബിന്ദുവിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്. അന്ത്യാഞ്ജലിയർപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം നേതാക്കളും വൻ ജനാവലിയും ഇവിടെ എത്തിയിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും പ്രതിഷേധ ധർണയും പ്രകടനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |