കൊച്ചി: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ കൊടിതോരണങ്ങളും ഫ്ലക്സുകളും നിറയുന്നതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സ്ഥാപനം ജനങ്ങൾക്ക് വേണ്ടിയുള്ളതല്ലേ എന്ന സംശയം ജനിപ്പിക്കുന്നതായി കോടതി പറഞ്ഞു. യാത്രക്കാർക്ക് പരിമിതമായ അവകാശങ്ങൾ പോലും ലഭ്യമാക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ബോർഡുകൾ നീക്കുന്നത് സംബന്ധിച്ച് സർക്കാർ ഒരാഴ്ചയ്‌ക്കകം വിശദീകരണം നൽകണം.
പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകളും തോരണങ്ങളും വിലക്കി കോടതി ഉത്തരവിറക്കിയിരുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഇത് ലംഘിക്കുന്നതായി അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനാണ് ശ്രദ്ധയിൽപ്പെടുത്തിയത്. എറണാകുളം, നിലമ്പൂർ, നെയ്യാറ്റിൻകര, കിളിമാനൂർ, കരുനാഗപ്പള്ളി, പുനലൂർ എന്നീ ഡിപ്പോകളിലെ ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ജനങ്ങൾക്ക് തടസമുണ്ടാക്കുന്ന വിധമാണ് കൊടിതോരണങ്ങൾ വച്ചിരിക്കുന്നതെന്ന് കോടതി വിലയിരുത്തി.
ജനങ്ങൾക്ക് ശുചിത്വമുള്ള അന്തരീക്ഷമൊരുക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയുന്നില്ലെന്ന് കോടതി പറഞ്ഞു. ഇവ നീക്കാൻ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്ക് ഡിപ്പോകളിൽ പ്രവേശനം കിട്ടുന്നില്ല. കെ.എസ്.ആർ.ടി.സിയുടെ ഉടമ സർക്കാരും സർക്കാരിന്റെ ഉടമ ജനങ്ങളുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 10ന് വീണ്ടും പരിഗണിക്കും.
അനധികൃത ബോർഡുകൾ നിരോധിച്ച ഉത്തരവ് സ്വാഗതം ചെയ്ത ഗതാഗതമന്ത്രി കെ.ബി. ഗണേശ്‌കുമാർ ഇത് പാലിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തിരുന്ന കാര്യവും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ആഹ്വാനം ഒരു ഉണർത്തുവാക്കായി ജീവനക്കാർ കാണണമെന്ന് കോടതി പറഞ്ഞു.
ഹിതപരിശോധന ജനം
എന്തിന് അറിയണം?
ട്രേഡ് യൂണിയനുകളുടെ ഹിതപരിശോധനയുടെ ഭാഗമായാണ് കൊടിതോരണങ്ങളെന്ന് കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ വിശദീകരിച്ചു. ഹിതപരിശോധന ജനം അറിയേണ്ട കാര്യമെന്തെന്ന് കോടതി ചോദിച്ചു. വച്ചവർ തന്നെ അത് എടുക്കേണ്ടിവരും. നഷ്ടം പെരുകി ലിക്വിഡേഷനിലേക്ക് നീങ്ങിയ സ്ഥാപനത്തെ ഹൈക്കോടതിയാണ് നിലനിർത്തിയതെന്നും ഓർമ്മിപ്പിച്ചു. അധികാരം കൈയ്യാളുന്ന പാർട്ടിക്കാർ തന്നെ നിയമലംഘനം നടത്തും. ഏവരും സ്വയം നാണിക്കേണ്ട സ്ഥിതിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട നഗരത്തിൽ ഫ്ലക്സുകൾ നിറഞ്ഞിരിക്കുകയാണെന്ന കാര്യവും കോടതി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |