ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം വെറുമൊരു വ്യവസ്ഥയല്ലെന്നും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ 2,500ഓളം രാഷ്ട്രീയ പാർട്ടികളുണ്ടെന്ന മോദിയുടെ പ്രസ്താവനയിൽ ഘാന എം.പിമാർക്ക് അദ്ഭുതമായി. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഘാന പാർലമെന്റിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ പ്രസംഗമാണിത്.
ഇന്ത്യയിൽ 2,500ലധികം രാഷ്ട്രീയ പാർട്ടികളുണ്ടെന്ന് പറഞ്ഞപ്പോൾ ഘാന പാർലമെന്റ് കൈയ്യടിയോടെയാണ് സ്വീകരിച്ചത്. പലരും ആശ്ചര്യപ്പെട്ടതു കണ്ട് പ്രധാനമന്ത്രി കണക്ക് ആവർത്തിച്ചു: ശരിയാണ് 2,500 പാർട്ടികൾ. 20 വ്യത്യസ്ത പാർട്ടികളാണ് വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്നതെന്നും ഇന്ത്യയിൽ 22 ഔദ്യോഗിക ആയിരത്തോളം വകഭേദങ്ങളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഞങ്ങൾക്ക് ജനാധിപത്യം വെറുമൊരു വ്യവസ്ഥയല്ല; ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള നമ്മുടെ അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണ്. എല്ലാ ദിശകളിൽ നിന്നും നല്ല ചിന്തകൾ സ്വീകരിക്കുന്ന തുറന്ന മനസാണ് ജനാധിപത്യത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സ്പീക്കർ ആൽബൻ കിംഗ്സ്ഫോർഡ് സുമന ബാഗ്ബിന്റെ അദ്ധ്യക്ഷതയിൽ ഘാന എംപിമാരും ഇരു രാജ്യങ്ങളിലെയും വിശിഷ്ടാതിഥികളും പങ്കെടുത്തു.
ഇന്നലെ രാവിലെ,മോദി അക്രയിലെ ക്വാമെ എൻക്രുമ മെമ്മോറിയൽ പാർക്ക് സന്ദർശിച്ച് ഘാന സ്ഥാപക പ്രസിഡന്റ് ഡോ. ക്വാമെ എൻക്രുമയ്ക്ക് പുഷ്പാർച്ചന നടത്തി. രണ്ടു ദിവസത്തെ ഘാന സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി ഇന്നലെ രാത്രിയോടെ ട്രിനിഡാഡ്-ടൊബാഗോ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയിനിലെത്തി.
യു.പി.ഐ സേവനം
യു.പി.ഐ സേവനം ഘാനയിലും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിസ്ഥാനസൗകര്യ വികസനം,വ്യാപാരം,സുരക്ഷ,ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം വർദ്ധിപ്പിക്കുമെന്നും ഘാന പ്രസിഡന്റ് ഡ്രമാനി മഹാമയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു.
ഇരു രാജ്യങ്ങളും അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കും. ഘാനയ്ക്കുള്ള ഐ.ടി.ഇ.സി,ഐ.സി.സി.ആർ സ്കോളർഷിപ്പുകളും വർദ്ധിപ്പിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കും. ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ഘാനയിൽ മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കും.
വാക്സിൻ ഉത്പാദനത്തിലും ഇന്ത്യ സഹകരിക്കും. സായുധ സേനാ പരിശീലനം,സമുദ്ര സുരക്ഷ,സൈബർ സുരക്ഷ,ധാതു പര്യവേക്ഷണം എന്നിവയിലും സഹകരണമുണ്ടാകും. ജൂബിലി ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഐക്യരാഷ്ട്രസഭയുടെ പരിഷ്കാരങ്ങൾ ഉൾപ്പെടെ പരസ്പരം താത്പര്യമുള്ള ആഗോള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പ്രസിഡന്റ് മഹാമ നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താൻ ഇരു വിഭാഗവും സമ്മതിച്ചു. ഇരു നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നാല് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു.
ദേശീയ ബഹുമതിയും
ഘാനയുടെ ദേശീയ ബഹുമതിയായ 'ഓഫീസർ ഒഫ് ദി ഓർഡർ ഒഫ് ദി സ്റ്റാർ ഒഫ് ഘാന' പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയ്ക്ക് ഘാന പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമയാണ് ബഹുമതി സമ്മാനിച്ചത്. 2016 മുതലിങ്ങോട്ട് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 34-ാം അന്താരാഷ്ട്ര പുരസ്കാരമാണിത്.
140 കോടി ഇന്ത്യക്കാർക്കു വേണ്ടിയാണ് ബഹുമതി സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സാംസ്കാരം,വൈവിധ്യം,യുവാക്കളുടെ അഭിലാഷങ്ങൾ,ഘാനയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ എന്നിവയ്ക്ക് ബഹുമതി സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സവിശേഷ ആദരവിന് ഘാനയിലെ ജനങ്ങൾക്കും സർക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. ബഹുമതി ലഭിച്ചതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി ബന്ധവും കൂടുതൽ ആഴത്തിലാക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ട്. തന്റെ ഔദ്യോഗിക സന്ദർശനം ഇന്ത്യ-ഘാന ബന്ധങ്ങളിൽ പുതിയ അദ്ധ്യായം കുറിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |