ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് കഴിഞ്ഞ രണ്ടാഴ്ചയായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് പലവിധ അഭ്യൂഹങ്ങൾക്കും വഴിതെളിച്ചു. അദ്ദേഹത്തിന്റെ നില പരുങ്ങലിലാണോയെന്നുപോലും സംശയിക്കത്തക്കവിധമുള്ള റിപ്പോർട്ടുകൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. ഷീയുടെ അസാന്നിദ്ധ്യം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ അധികാര മാറ്റത്തിന്റെ നാന്ദിയാണോയെന്നും വിദേശകാര്യ വിദഗ്ദ്ധർ ചർച്ച ചെയ്യുന്നു. ബ്രിക്‌സ് ഉച്ചകോടി ഉൾപ്പെടെയുള്ള പരിപാടികളിൽ നിന്ന് ഷീ വിട്ടുനിന്നതാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.
അതേസമയം,ഷീയ്ക്ക് ഗുരുതരമായ രോഗമാണെന്നും അതിനാലാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതെന്നുമുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഇക്കാരണത്താൽ അദ്ദേഹം അധികാരത്തിൽ നിന്ന് താഴെയിറങ്ങുമെന്നാണ് മറ്റൊരു പ്രചാരണം. കഴിഞ്ഞ ജൂൺ ആദ്യം ഷീ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയോടൊപ്പമുള്ള കൂടിക്കാഴ്ചയിൽ ക്ഷീണിതനും സുഖമില്ലാതെയും കാണപ്പെട്ടത് ഈ റിപ്പോർട്ട് ബലപ്പെടുത്തുന്നുണ്ട്.
പാർട്ടിയിലെ ആഭ്യന്തര വെല്ലുവിളികളാൽ മനഃപൂർവം മാറ്റിനിറുത്തിയതാണോ എന്നും സംശയിക്കുന്നു. എന്നാൽ,ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ഷീയുടെ അടുത്ത വൃത്തങ്ങളും ജനറൽമാരും പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല. സൈനിക രംഗത്തെ ഉന്നതരിൽ ചിലർക്കെതിരെ നടപടി സ്വീകരിച്ചത് സേനയിലും മുറുമുറുപ്പുണ്ടാക്കിയിരുന്നു.
ജിന്റാവോ അനുയായികളുടെ നീക്കമോ?
2022ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ ഷീയ്ക്ക് സമീപമിരുന്ന മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ വേദിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുന്നത് ലോകം മുഴുവൻ കണ്ടിരുന്നു. ഇപ്പോൾ 83കാരനായ ജിന്റാവോ പാർട്ടിയിൽ കരുത്തനല്ല. എന്നാൽ,അദ്ദേഹത്തിന്റെ അനുയായികൾ ഷീയെ അട്ടിമറിക്കാൻ ശ്രമിക്കുമെന്നും അതാണ് ഷീയുടെ അഭാവത്തിനു കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഒരുകാലത്ത് ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ ചെയർമാനായിരുന്ന വാംഗ് യാംഗ്, ഷീയുടെ പകരക്കാരനാകുമോയെന്ന ചർച്ചകളും ഉയരുന്നുണ്ട്.
സ്വദേശത്ത് അസംതൃപ്തി,
വിദേശത്ത് പ്രശ്‌നം
ചൈനയുടെ സാമ്പത്തിക എൻജിൻ തകരുന്ന കാഴ്ചയാണ് പൊതുവെ കാണുന്നത്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം വലിയ പ്രതിസന്ധി തീർത്തിരുന്നു. യുവാക്കളുടെ തൊഴിലില്ലായ്മ 15 ശതമാനം വർദ്ധിച്ചു,റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ചു,സെമികണ്ടക്ടർ പദ്ധതികൾ തകർന്നു,ദേശീയ കടം 50 ട്രില്യൺ ഡോളറിലധികം ഉയർന്നു,പ്രാദേശിക പ്രതിഷേധങ്ങളും ഫാക്ടറികളിലെ അസ്വസ്ഥതകളും രൂക്ഷമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |