ചെന്നൈ: തമിഴ്നാട്ടിൽ തർക്കത്തെത്തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠികൾ തല്ലിക്കൊന്നു. ഈ റോഡ് സെൽവംനഗർ സ്വദേശി എസ്. ആദിത്യയാണ് (17) കൊല്ലപ്പെട്ടത്. രണ്ട് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാസിലെ പെൺകുട്ടികളോട് ആദിത്യ സംസാരിക്കുന്നത് പ്രതികൾ എതിർത്തിരുന്നു. വീണ്ടും ആദിത്യ പെൺകുട്ടികളോട് സംസാരിച്ചതാണ് പ്രകോപനമായത്. ബുധനാഴ്ചയാണ് സംഭവം. സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു ബയോളജി ഗ്രൂപ്പ് വിദ്യാർത്ഥിയായ ആദിത്യയെ അന്ന് പിതാവാണ് സ്‌കൂളിൽ വിട്ടത്. എന്നാൽ, അന്നേദിവസം ആദിത്യ ക്ലാസിലെത്തിയില്ല. വൈകിട്ട് സ്‌കൂളിന് 200 മീറ്റർ അകലെയുള്ള റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. റോഡിൽ വച്ച് വാക്കേറ്റമുണ്ടാകുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. പ്രതികളെ ജുവനൈൽ ഹോമിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |