തലശ്ശേരി: കണ്ണൂരിൽ നിന്ന് ആദ്യമായി ബി.സി.സി.ഐയുടെ ലെവൽ 2 അംപയറിംഗ് പരീക്ഷയിൽ വിജയിച്ച് തോട്ടട സ്വദേശി ജിഷ്ണു അജിത്ത് ചരിത്രം രചിച്ചു. ഗുജറാത്ത് അഹമ്മദാബാദിൽ ജൂൺ 12 മുതൽ 15 വരെ നടന്ന അഖിലേന്ത്യാ ലെവൽ 2 അംപയറിംഗ് പരീക്ഷയിലാണ് ജിഷ്ണു ആറാം റാങ്കോടെ വിജയിച്ചത്. ദേശീയ തലത്തിൽ 152 പേർ പങ്കെടുത്ത പരീക്ഷയിൽ 26 പേരാണ് വിജയിച്ചത്.
പ്രായോഗികം, വൈവ, അവതരണം, എഴുത്തുപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളായാണ് പരീക്ഷ നടന്നത്. ആകെ 150 മാർക്കിൽ 135 മാർക്ക് നേടിയാണ് ജിഷ്ണുവിന്റെ ഉജ്ജ്വല വിജയം. ഇനി മുതൽ ബി.സി.സി.ഐയുടെ ഔദ്യോഗിക മത്സരങ്ങൾ നിയന്ത്രിക്കാൻ ജിഷ്ണുവിന് കഴിയും.
2020ൽ നടന്ന കെ.സി.എ പാനൽ അംപയറിംഗ്പരീക്ഷയിൽ ജിഷ്ണു രണ്ടാം റാങ്ക് നേടിയിരുന്നു. സസൂക്ഷ്മമായ തയ്യാറെടുപ്പും കെ.എൻ. അനന്തപദ്മനാഭൻ അടക്കമുള്ള മുതിർന്ന അംപയർമാരുടെ പരിശീലന ക്ലാസ്സുകളുമാണ് വിഷ്ണുവിന്റെ വിജയത്തിന് പിന്നിൽ.
തോട്ടട മാധവത്തിലെ അജിത്ത് കുമാറിന്റെയും ശ്രീജ അജിത്തിന്റെയും മകനാണ് സിവിൽ എൻജിനീയറിംഗ് ബിരുദധാരിയായ ജിഷ്ണു. വിഷ്ണു അജിത്ത് ഏക സഹോദരനാണ്. കേരളത്തിൽ നിന്ന് ജിഷ്ണുവിനൊപ്പം മലപ്പുറം സ്വദേശി എം.എസ്. ഭരതും വിജയിച്ചവരിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |