പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നിഷേധ നിലപാടിനെതിരെ സ്വകാര്യ ബസുകൾ ജൂലായ് എട്ടിന് ഏകദിന പണിമുടക്ക് നടത്തും. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ജൂലായ് 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികളായ ടി.ഗോപിനാഥ്, ഗോകുലം ഗോകുൽദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധിപ്പിക്കണമെന്ന കമ്മിഷൻ റിപ്പോർട്ടുകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 37000ത്തോളം സ്വകാര്യ ബസുകളുണ്ടായിരുന്ന കേരളത്തിൽ ഇന്ന് അവശേഷിക്കുന്നത് 12000ത്തിൽ താഴെ മാത്രമാണ്. 14 വർഷം മുമ്പാണ് വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിച്ചത്. കാലോചിതമായി വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധിപ്പിക്കണം എന്നുപറയുന്ന പഠന കമ്മിഷനുകൾക്ക് മേൽ സർക്കാർ കാലങ്ങളായി അടയിരിക്കുകയാണ്. പ്രതിദിനം നികുതി വരുമാനത്തിൽ നിന്ന് മൂന്നരക്കോടി നൽകിയാണ് സർക്കാർ കെ.എസ്.ആർ.ടി.സിയെ നിലനിർത്തുന്നത്. നികുതിയിനത്തിൽ 10% സർക്കാർ കുറച്ചതോടെ പ്രതിദിനം 33 രൂപയുടെ കുറവ് മാത്രമാണ് വരുന്നത്. സാമൂഹിക പെൻഷൻ നൽകാനായി ഒരു ലിറ്റർ ഡീസലിന് ഒരു രുപ 60 പൈസ ഈടാക്കുന്ന സർക്കാർ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കാടൻ നിയമങ്ങളാണ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. ദീർഘദൂര ബസുകളുടെ പെർമ്മിറ്റ് പുതുക്കി നൽകണമെന്ന കോടതി നിർദ്ദേശം പോലും സർക്കാർ അംഗീകരിക്കുന്നില്ല. ബസ് ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന ജിപിഎസ്, സ്പിഡ് ഗവർണർ, സെൻസർ ക്യാമറ എന്നിവയെല്ലാം അശാസ്ത്രിയമാണ്. ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്ന നിയമം അങ്ങേയറ്റം വിവരമില്ലായ്മയാണെന്നും വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം സർക്കാർ അടിച്ചേൽപ്പിക്കുന്നതാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |