തൃശൂർ: ക്യാൻസർ രോഗം കീഴ്പ്പെടുത്തിയതിന്റെ വേദനയിലും, ജോലി ചെയ്യാനുള്ള മനസും കുടുംബത്തോടുള്ള സ്‌നേഹവും കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമാവുകയാണ് വടക്കെക്കാട് നായരങ്ങാടി ചേലക്കാട് വീട്ടിൽ നോബിൻരാജ് (48).
സ്വന്തം ജീവനായി പൊരുതുമ്പോഴും, അസുഖബാധിതയായ മകളെയും വീട്ടുകാരെയും പോറ്റാൻ ഓട്ടോ ഓടിക്കുകയാണ് നോബിൻ.
16 വർഷം മുൻപ് തൊണ്ടവേദന കൊണ്ട് ശബ്ദിക്കാനാകാതെ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ക്യാൻസറാണെന്ന് വ്യക്തമായത്. ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ തളർന്നുപോയപ്പോൾ സഹായവുമായി കൂട്ടുകാരെത്തി. കഴുത്ത് തുളച്ച് ഓപ്പറേഷൻ ചെയ്തതോടെ സംസാരിക്കാനാകാതെവന്നു. തുണി അമർത്തിപ്പിടിച്ചാലേ അല്പമെങ്കിലും ശബ്ദം പുറത്തേക്ക് വരൂ. സുമനസുകളുടെ സഹായത്തോടെ ചികിത്സ നടത്തിയെങ്കിലും മുന്നോട്ടുള്ള ജീവിതത്തിൽ ഇരുട്ട് മാത്രമായി.
സ്വന്തമായി വീടില്ലാതിരുന്ന നോബിന് പള്ളിക്കാർ വീടുനിർമ്മിച്ചുനൽകി. രണ്ട് പെൺമക്കളിൽ ഇളയ മകൾ ചെറുപ്പം മുതലേ സെറിബ്രൽ പാൾസി ബാധിച്ച് കിടക്കയിലാണ്. ഒരാൾ എപ്പോഴും അടുത്തുവേണം. ഭാര്യ സരിഗയ്ക്ക് ഇതുമൂലം മകളെക്കൂടി നോക്കേണ്ട അവസ്ഥയുണ്ട്. കൂട്ടുകാരും നാട്ടുകാരുമൊക്കെ സഹായിക്കാൻ ചുറ്റുമുണ്ടെങ്കിലും മറ്റുള്ളവരെ ആശ്രയിക്കുന്നതും കഷ്ടപ്പെടുത്തുന്നതും കുറച്ചെങ്കിലും കുറയ്ക്കാമെന്ന മനസുമായാണ് ഓട്ടോറിക്ഷയുമായി ഇറങ്ങുന്നത്. കഴുത്തിൽ തുണി ചുറ്റി വേദന സഹിച്ചാണ് ഓട്ടോറിക്ഷയോട്ടം.
'പറ്റാവുന്നിടത്തോളം കുടുംബത്തിന് താങ്ങാകാൻ കഴിയണം. സഹായം എന്നും വാങ്ങി ജീവിക്കാനാകില്ല. ചില ദിവസങ്ങളിലൊന്നും കഴിയാറില്ലെങ്കിലും പറ്റാവുന്നിടത്തോളം അദ്ധ്വാനിക്കണമെന്നാണ് ആഗ്രഹം- നോബിൻ പറയുന്നു. രോഗം കൊണ്ടുള്ള അവശതയിലും അദ്ധ്വാനിക്കുന്ന നോബിൻ കാണുന്നവരുടെ മനസിനു വേദനയും പ്രചോദനവുമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |