കോഴിക്കോട്: കുറഞ്ഞ വിലയിൽ നല്ല കോഴിയിറച്ചി ലഭ്യമാക്കിയ കേരള ചിക്കൻ ഔട്ട്ലെറ്റുകളിൽ രണ്ടാഴ്ചക്കുള്ളിൽ ഫ്രൊസൺ മൂല്യവർദ്ധിത ഉത്പന്നങ്ങളുമെത്തും. കുടുംബശ്രീ 'കേരള ചിക്കൻ' ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്,ചിക്കൻ കറി കട്ട്, ബോൺലെസ് ബ്രസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ഫുൾ ചിക്കൻ എന്നീ ഉത്പന്നങ്ങളാണ് ഈ മാസം അവസാനത്തോടെ വിപണിയിലെത്തുക. കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ പ്ലാന്റിലെത്തിക്കും.
ഇവിടെ നിന്ന് ഉത്പന്നങ്ങളാക്കി 450ഗ്രാം, 1300 ഗ്രാം അളവിൽ പ്രത്യേകം പായ്ക്കറ്റുകളിലാക്കി അയക്കുകയാണ് ചെയ്യുന്നത്. പാക്കറ്റിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ഏതു ഫാമിൽ വളർത്തിയതാണെന്നും മനസിലാകും. ജില്ലയിലെ 18 ചിക്കൻ ഔട്ട്ലെറ്റുകളിലും ഇവ ലഭ്യമാകും. ഫ്രൊസൺ, ചിൽഡ് ചിക്കൻ എന്നിവയുടെ വിൽപ്പനയ്ക്ക് മാത്രം എക്സ്ക്ളൂസീവ് ഔട്ട് ലെറ്റുകളും കുടുബശ്രീ ഉടൻ ആരംഭിക്കും. ഇതിനായി താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ റെഡി ടു ഈറ്റ് വിഭവങ്ങളായ ചിക്കൻ നഗട്സ്, ഹോട്ട് ഡോഗ്, ബഡ്ജറ്റ് ബെെറ്റ്സ് (ചിക്കൻ പാട്സ്) എന്നിവയും ഔട്ട്‌ലെറ്റുകളിൽ എത്തിക്കാൻ പദ്ധതിയുണ്ട്.
21.4 കോടി വരുമാനം
ജില്ലയിലെ 18 ഔട്ട്‌ലെറ്റുകളിൽ നിന്നായി കഴിഞ്ഞ സാമ്പത്തിക വർഷം കേരള ചിക്കൻ 21. 4 കോടി രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. കഴിഞ്ഞ ജൂണിൽ മാത്രം രണ്ടര കോടിയുടെ വിറ്റുവരവുണ്ടായി. ശരാശരി 10000-14000 കിലോയാണ് വിൽപ്പന. കേരള ചിക്കന് ജില്ലയിൽ 45 ഫാമുകളാണുള്ളത്. ഗുണമേന്മയുള്ള കോഴിയിറച്ചി മിതമായ വിലയിൽ വിപണിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2017ൽ കുടുംബശ്രീ വഴി തുടങ്ങിയ ‘കേരള ചിക്കൻ’ ഘട്ടംഘട്ടമായാണ് ഓരോ ജില്ലയിലേക്കും വ്യാപിപ്പിച്ചത്.
വിപണിയിലേക്ക്
1. ചിക്കൻ ഡ്രം സ്റ്റിക്‌സ്
2.ചിക്കൻ കറി കട്ട്
3.ബോൺലെസ് ബ്രസ്റ്റ്
4.ചിക്കൻ ബിരിയാണി കട്ട്
5. ഫുൾ ചിക്കൻ
വില
കോഴിയിറച്ചി- 166
കോഴി-111
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |