കാസർകോട്: ഭാവി സാദ്ധ്യതകളിലേക്കും അവസരങ്ങളിലേക്കും വിദ്യാർത്ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള കേന്ദ്ര സർവകലാശാലയിൽ ഈ അദ്ധ്യയന വർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസിന് കീഴിൽ ബി.എസ്‌സി (ഓണേഴ്സ്) ബയോളജി, കോമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് വകുപ്പിന് കീഴിൽ ബി.കോം (ഓണേഴ്സ്) ഫിനാൻഷ്യൽ അനലിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് വകുപ്പിന് കീഴിൽ ബി.സി.എ (ഓണേഴ്സ്) എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള നാല് വർഷ ബിരുദ പ്രോഗ്രാമുകളാണ് തുടങ്ങുന്നത്.
മൾട്ടിപ്പിൾ എൻട്രി, മൾട്ടിപ്പിൾ എക്സിറ്റ് രീതിയിലാണ് നടപ്പിലാക്കുക. ഒന്നാം വർഷം സർട്ടിഫിക്കറ്റും രണ്ടാം വർഷം ഡിപ്ലോമയും മൂന്നാം വർഷം ബിരുദവും നേടാൻ സാധിക്കും. മൂന്നു വർഷ ബിരുദത്തിനു ശേഷം രണ്ട് വർഷം ബിരുദാനന്തര ബിരുദം ചെയ്യാം. അതല്ല, നാല് വർഷം പഠിക്കുകയാണെങ്കിൽ ഡിഗ്രി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദമാണ് ലഭിക്കുക. ഇവർക്ക് ഒരു വർഷത്തെ ബിരുദാനന്തര ബിരുദം പഠിച്ചാൽ മതി. ബിരുദാനന്തര ബിരുദം ഇല്ലാതെ നേരിട്ട് ഗവേഷണത്തിന് അഡ്മിഷൻ നേടാനും കഴിയും.
ബി.കോം (ഓണേഴ്സ്) ഫിനാൻഷ്യൽ അനലിറ്റിക്സ്
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വാണിജ്യ മേഖല കണക്കിലെടുത്ത് വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് ബി.കോം (ഓണേഴ്സ്) ഫിനാൻഷ്യൽ അനലിറ്റിക്സ് പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത്. ക്വാണ്ടിറ്റേറ്റീവ് അനലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, റിസ്‌ക് സ്ട്രാറ്റജിസ്റ്റ്, ഫിൻടെക് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് സാധ്യതകൾ. ഫിനാൻസ്, ഡാറ്റാ സയൻസ്, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചുള്ള കോഴ്സുകൾ വിപണികൾ പ്രവചിക്കുന്നതിനും അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനും പൈത്തൺ, പവർ ബി.ഐ, ഗ്ലോബൽ ഫിനാൻഷ്യൽ ഡാറ്റാബേസുകൾ തുടങ്ങിയവയിൽ വൈദഗ്ദ്ധ്യം നൽകുന്നു.
ബി.സി.എ (ഓണേഴ്സ്)
സാങ്കേതികവിദ്യാ മുന്നേറ്റത്തിനൊപ്പം ലോകം അഭിമുഖീകരിക്കുന്ന വൈദഗ്ദ്ധ്യ കുറവുകൾ പരിഹരിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ബി.സി.എ (ഓണേഴ്സ്), പ്രോഗ്രാം ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർ സുരക്ഷ, സിസ്റ്റം അനാലിസിസ് തുടങ്ങിയ വിവിധ മേഖലകളെ സംയോജിപ്പിച്ച് വിദ്യാർത്ഥികളെ മികച്ച ടെക് പ്രൊഫഷണലുകളാക്കി മാറ്റുന്നതിന് ലക്ഷ്യമിടുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പർ, എ.ഐ ഡെവലപ്പർ, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, നെറ്റ്വർക്ക് അഡ്മിനിസ്‌ട്രേറ്റർ, സിസ്റ്റം അനലിസ്റ്റ്, ഡാറ്റ സയന്റിസ്റ്റ് തുടങ്ങിയ മേഖലകളിൽ കരിയർ കണ്ടെത്താനും കഴിയും.
ബി.എസ്‌സി (ഓണേഴ്സ്) ബയോളജി
ബി.എസ്‌സി (ഓണേഴ്സ്) ബയോളജി പ്രോഗ്രാം സുവോളജി, മോളിക്യുലാർ ബയോളജി, എൻവിയോൺമെന്റൽ ബയോളജി, ജീനോമിക്സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോഇൻഫോർമാറ്റിക്സ് എന്നീ പ്രധാന മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്നു. ലോകം പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന കാലത്ത് ഗവേഷണത്തിനും കണ്ടെത്തലുകൾക്കും നയരൂപീകരണങ്ങളെ സ്വാധീനിക്കാനും സാധിക്കുന്ന ശാസ്ത്രജ്ഞരെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ബയോടെക് ക്ലസ്റ്ററുകൾ, എൻവിയോൺമെന്റൽ കൺസൾട്ടൻസി, ഫാർമസ്യൂട്ടിക്കൽസ്, പൊതുജനാരോഗ്യം, അക്കാദമിക് ഗവേഷണം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് കരിയർ കണ്ടെത്താം.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |