മലപ്പുറം: സ്വന്തമായി സ്ഥലം ലഭിച്ചിട്ടും ദീർഘനാളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാണക്കാട്ടെ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം ഉയരും. കെട്ടിടവും ചുറ്റുമതിലും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ മലപ്പുറം നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തതി നീക്കിവച്ച 2.1 കോടി രൂപയുടെ പ്രവൃത്തികളുടെ ടെൻഡർ നടപടി പൂർത്തിയായി. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡാണു കരാർ ഏറ്റെടുത്തിരിക്കുന്നത്.
10 വർഷമായി തോണിക്കടവിലെ വാടക ക്വാർട്ടേഴ്സിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
2023 ജൂണിലാണ് പാണക്കാട് തങ്ങൾ കുടുംബ സ്വത്തിൽ നിന്ന് 15 സെന്റ് സ്ഥലം സൗജന്യമായി മലപ്പുറം നഗരസഭയ്ക്ക് നഗരാരോഗ്യ കേന്ദ്രത്തിനായി വിട്ടുനൽകിയത്. നഗരാരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിർമ്മിക്കാനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ജീവിച്ചിരുന്നപ്പോൾ സ്വന്തം ഭൂമിയിൽ നിന്ന് 10 സെന്റ് സ്ഥലം സൗജന്യമായി നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സ്ഥലത്തിന്റെ ഘടനാപരമായ പ്രശ്നം കാരണം ആ സ്ഥലത്ത് നിർമ്മാണം നടത്താൻ കഴിഞ്ഞില്ല. പിന്നീട്, 2023 ജൂണിൽ പാണക്കാട് എടാഴിപ്പാലത്തിന് സമീപം അനുയോജ്യമായ 15 സെന്റ് സ്ഥലം നിർമ്മാണത്തിനായി പാണക്കാട് കുടുംബം കുടുംബസ്വത്തിൽ നിന്നും വിട്ടുനൽകുകയായിരുന്നു. സ്ഥലം ലഭ്യമായെങ്കിലും ഫണ്ട് ലഭ്യമായില്ല. കെട്ടിടം നിർമ്മിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ 1.43 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കിട്ടിയില്ല. തുടർന്നാണ് നഗരസഭ ഈ വർഷത്തെ പദ്ധതിയിൽ തുക വകയിരുത്തിയത്.
ദുരിതമാണ്...
നിലവിലെ കെട്ടിടത്തിലെ സ്ഥലപരിമിതി കാരണം ദിനംപ്രതി ഇവിടെയെത്തുന്ന 100ലധികം രോഗികൾ ദുരിതത്തിലാണ്. ഊരകം, കാരാത്തോട്, വെളിയോട്, തൊടുത്തുപറമ്പ്, മറ്റത്തൂർ, പാണക്കാട്, പട്ടർക്കടവ് ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്ക് വേഗത്തിൽ എത്താവുന്ന കേന്ദ്രമാണിത്. നാല് മുറികളിലായാണ് നഗരാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. രാവിലെയും വൈകുന്നേരവുമായി രണ്ട് ഡോക്ടർമാരാണ് ആരോഗ്യ കേന്ദ്രത്തിലുള്ളത്. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ മറ്റ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളൊന്നും തുടങ്ങാനാവാത്ത സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |