വിതുര: വിതുര പഞ്ചായത്തിലെ മണലിയിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ ദിവസം രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകൾ മണലി ദേവീക്ഷത്രത്തിനു സമീപം ബാഹുലേയന്റെ വിളയിൽ നാശനഷ്ടം വിതച്ചു. പ്ലാവ് മരം പിഴുതിട്ട് ചക്ക മുഴുവൻ തിന്നു. വൈദ്യുതിപോസ്റ്റുകളും തകർത്തു. നാട്ടുകാർ വനത്തിലേക്ക് തുരത്തിവിടാൻ ശ്രമിച്ചെങ്കിലും ആനകൾ പിൻവാങ്ങിയില്ല. നേരം പുലരുവോളം നാശം വിതച്ചശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. കാട്ടുപോത്തും ഇറങ്ങി പെണ്ണങ്കപ്പാറയിലും നാശനഷ്ടം വിതച്ചു. നേരത്തേ ആലുംമൂട് കളമൂട്ടുപാറ സ്വദേശിയായ രാധയുടെ വീടും ആനയുടെ ആക്രമണത്തിൽ തകർന്നിരുന്നു. കഷ്ടിച്ചാണ് രാധ രക്ഷപ്പെട്ടത്. നേരത്തെ മണലിയിൽ ഇറങ്ങിയ ഒറ്റയാൻ വീണ്ടും എത്തിയതായി ആദിവാസികൾ പറയുന്നു.
ശല്യം രൂക്ഷം
ഒരുമാസം മുൻപ് മണലി സ്വദേശി രാജേന്ദ്രൻനായരെ വീടിനു സമീപത്തുവച്ച് കാട്ടുപോത്ത് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു, നേരത്തേ വനത്തിനുള്ളിലെ നദിയിൽ മീൻ പിടിക്കാൻ പോയ മണലി കൊമ്പ്രാംകല്ല് പെരുമ്പാറയടി ആദിവാസി കോളനിയിൽ ഡി.ശിവാനന്ദൻ കാണിക്ക് (46) കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. മണലി മേഖലയിലെ കാട്ടാനശല്യത്തിന് തടയിടുന്നതിനായി ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടന്നിട്ടില്ല. സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് മണലി നിവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |