വിഴിഞ്ഞം: മദ്യപിച്ച് വാഹനമോടിച്ച കേസിൽ വിഴിഞ്ഞം പൊലീസ് പിടികൂടിയ പ്രതി പൊലീസുകാരന്റെ മൊബൈൽ ഫോണുമായി കടന്നു.ഒടുവിൽ ഇയാൾ റെയിൽവേ പൊലീസിന്റെ മുന്നിൽപ്പെട്ടു.
മദ്യപിച്ച് വാഹനമോടിച്ചതിന്, ബാലരാമപുരം പള്ളിവിളാകം സ്വദേശി റിജു എന്നു വിളിക്കുന്ന സുജു പി.ജോണിനെയാണ് (46) വിഴിഞ്ഞം പൊലീസ് പിടികൂടിയത്.പട്രോളിംഗിനിടെ മുക്കോലയിൽ നിന്നാണ് സ്കൂട്ടർ സഹിതം സുജുവിനെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിക്കവെ പൊലീസ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന, വിഴിഞ്ഞം സ്റ്റേഷനിലെ സി.പി.ഒ ഷിഫിൻ ജോണിന്റെ ഫോൺ ഇയാൾ മോഷ്ടിക്കുകയായിരുന്നു. തന്നെ പിടികൂടിയതിന് തിരികെ പൊലീസിന് പണി കൊടുക്കാനായിരുന്നു ഫോൺ മോഷണം.
തുടർന്ന് ജോൺ ജാമ്യത്തിൽ ഇറങ്ങിപ്പോയി.സി.പി.ഒ ഷിഫിൻ അപ്പോഴാണ് തന്റെ ഫോൺ കാണാതായതായി ശ്രദ്ധിച്ചത്.ഫോൺ കളഞ്ഞുപോയതാകാം എന്ന സംശയത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി തമ്പാനൂർ റെയിൽവേ പൊലീസിന്റെ പിടിയിലാകുന്നത്.
നിലവിൽ തൃശൂരിൽ താമസിക്കുന്ന പ്രതി യാത്രയ്ക്കായി റെയിൽവേ സ്റ്റേഷനിലെത്തിയതിനു പിന്നാലെ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതോടെയാണ് റെയിൽവേ പൊലീസ് ഇയാളെ പിടികൂടിയത്. കൈയിൽ രണ്ട് ഫോൺ കണ്ടതോടെ സംശയത്തിൽ ചോദ്യം ചെയ്തപ്പോൾ ഭാര്യയുടേതാണെന്നായിരുന്നു മറുപടി.
ഫോണിന്റെ ലോക്ക് മാറ്റാൻ പറഞ്ഞതോടെയാണ് ഇയാൾ മോഷണവിവരം പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തതായി വിഴിഞ്ഞം എസ്.ഐ എം.പ്രശാന്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |