തൃശൂർ: തകർന്ന് തരിപ്പണമായി കിടക്കുന്ന കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോയ്ക്ക് ആക്ഷൻ പ്ലാൻ. മന്ത്രിമാരായ ഗണേഷ് കുമാർ, കെ.രാജൻ, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാൻഡ് സന്ദർശിച്ചാണ് ആക്ഷൻ പ്ലാൻ വിശദീകരിച്ചത്. നവകേരള സദസിലൂടെ അനുവദിച്ച ഏഴ് കോടിയും എം.എൽ.എയുടെ മൂന്നു കോടിയോളം രൂപയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ചാണ് വികസന പ്രവർത്തനം. നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നതുൾപ്പെടെ നടപടികൾക്ക് അടുത്ത ദിവസം തന്നെ തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു.
നവകേരള ഫണ്ട് വഴി ഏഴ് കോടി, എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വഴി രണ്ടര കോടി, ഇപ്പോൾ അനുവദിക്കുന്ന 50 ലക്ഷം ഉൾപ്പെടെ 10 കോടി രൂപയാണ് ചെലവഴിക്കുക. തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മൂന്ന് നിലയിലുള്ള കെട്ടിടമാണ് നിർമിക്കുന്നത്. രൂപരേഖ പി.ഡബ്ല്യു.ഡി തയ്യാറാക്കും. ഇതിനുശേഷം റവന്യൂ മന്ത്രിയും എം.എൽ.എയുമായി ചർച്ച നടത്തും. പഴയ ഗ്യാരേജ് നവീകരിക്കാനുള്ള തുകയും എം.എൽ.എ ഫണ്ടിൽ നിന്ന് നൽകും. കോഴിക്കോട് ഭാഗത്തു നിന്നുള്ള ബസുകൾക്കും തിരുവനന്തപുരം, പാലക്കാട് ഭാഗത്തുനിന്നു വരുന്ന ബസുകൾക്കും പ്രത്യേകം എൻട്രൻസുകൾ സ്ഥാപിക്കും. രണ്ട് ബസ് സ്റ്റാൻഡുകളിലാവും ഇവ പാർക്ക് ചെയ്യുക. ഇതിനിടയിൽ വെയിറ്റിംഗ് ഏരിയ സ്ഥാപിക്കും. സ്റ്റീൽ ഉപയോഗിച്ച് നിർമിക്കുന്ന ഇവിടെ ഇരിപ്പിടങ്ങളും ബസ് വിവരങ്ങൾ പ്രദർശിപ്പിക്കും ഡിസ്‌പ്ലേ ബോർഡും ഉണ്ടാകും.
രണ്ടാംഘട്ടത്തിൽ കെ.എസ്.ആർ.ടി.സിയെയും റെയിൽവേയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആകാശപ്പാത നിർമ്മിക്കും. നിർമ്മമാണ പ്രവർത്തനങ്ങൾ നടത്താൻ കോർപ്പറേഷൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആകാശപ്പാത നിർമാണത്തിന് സി.എസ്.ആർ ഫണ്ടുമായെത്തുന്ന സ്ഥാപനങ്ങളെയും സ്‌പോൺസർമാരെയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരിമാനങ്ങൾ
മൂന്നു നില കെട്ടിടം.
മുന്നിലെ ഗ്യാരേജ് പൊളിച്ച് മാറ്റും.
പമ്പിന് കൊടുത്ത സ്ഥലം കൂടുതലുള്ളത് ഏറ്റെടുക്കും.
വടക്കേ കവാടം, തെക്കേ വഴി എന്നിവിടങ്ങളിലൂടെ സ്റ്റാൻഡിലേക്ക് ബസുകൾ കയറ്റും.
പുറത്തേക്ക് കടക്കുന്നത് പടിഞ്ഞാറെ കവാടം വഴി മാത്രം.
നിലവിലെ കെട്ടിടം പിറകിലേക്ക് നീക്കും.
രണ്ട് സ്റ്റാൻഡ് എന്ന ക്രമത്തിൽ വിപുലീകരിക്കും.
താഴത്തെ നിലയിൽ ഓപ്പറേഷൻ വിഭാഗവും കാന്റീനും പ്രവർത്തിക്കും.
പൊളിക്കാനുള്ള അനുമതി ഇന്നോ നാളെ നൽകും.
ടെൻഡർ തിങ്കളാഴ്ച്ച വിളിക്കും.
ടെൻഡറായാൽ 45 ദിവസത്തിനകം പൊളിച്ചു നീക്കും.
ഇക്കണ്ട വാര്യർ റോഡിൽ താത്കാലിക സ്റ്റാൻഡ്
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പൊളിക്കുന്ന സാഹചര്യത്തിൽ താത്കാലിക സ്റ്റാൻഡായി ഇക്കണ്ട വാര്യർ റോഡിലെ ഒഴിഞ്ഞു കിടക്കുന്ന നാലേക്കർ സ്ഥലം ഉപയോഗിക്കും. പൊളിക്കുന്ന അന്ന് മുതൽ സ്റ്റാൻഡ് അവിടേയ്ക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |