വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത കേരളത്തിൽ ഇപ്പോഴത്തെ വിവാദങ്ങളിലൊന്ന് സൂംബാ നൃത്തമാണ്! പുതുതലമുറയിൽ മയക്കുമരുന്നും അക്രമ പ്രവണതയും ക്രിമിനൽ സ്വഭാവവും വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിന്റെ കാരണങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചും വലിയ ചർച്ച നടക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു യോഗം വിളിച്ചത്. പഠന സമ്മർദ്ദവും അതേത്തുടർന്നുള്ള മാനസിക സമ്മർദ്ദവും ലഘൂകരിക്കാൻ സ്‌കൂൾ ക്ലാസിനു ശേഷം ദിവസവും വൈകുന്നേരം എല്ലാ കുട്ടികളും സ്കൂളിൽത്തന്നെ നിശ്ചിത സമയം സുംബാ നൃത്തത്തിൽ ഏർപ്പെടുന്നത് നന്നായിരിക്കുമെന്ന്, വിദഗ്ദ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് ആ യോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് നിർദ്ദേശിച്ചത്.
ഈ നിർദ്ദേശം യോഗത്തിലുണ്ടായിരുന്ന പൊതുവിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കുകയും സ്കൂളുകളിൽ അത് നടപ്പിലാക്കാൻ നടപടികൾ തുടങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ഈ തീരുമാനത്തെ എതിർത്ത് ചില മതസംഘടനകൾ മുന്നോട്ടുവന്നത്. അല്പവസ്ത്രധാരികളായ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇടകലർന്ന് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ വാദം. ഇത് തികച്ചും അശാസ്ത്രീയമാണ്. ഇവിടെ, സ്‌കൂൾ യൂണിഫോമിലാണ് കുട്ടികൾ നൃത്തം ചെയ്യുന്നത്. ആൺ- പെൺകുട്ടികൾ ലിംഗ വേർതിരിവില്ലാതെ പരസ്പരം മനസിലാക്കിയും ഇടപഴകിയും പ്രവർത്തിച്ചും മുന്നോട്ടുപോകുന്ന ഒരു സംസ്‌കാരമാണ് സ്‌കൂളുകളിൽ സൃഷ്ടിക്കപ്പെടേണ്ടത്. ഇത് അവരുടെ ശരിയായ മാനസിക വികാസത്തിന് അത്യന്താപേക്ഷിതവുമാണ്.
കൊളംബിയയിൽ
പിറന്ന സൂംബ
ചടുലമായ താളമുള്ള സംഗീതവും വ്യായാമമുറയും ഒത്തുചേരുന്ന സവിശേഷമായൊരു പ്രവർത്തന രീതിയാണ് സൂംബാ. ഏറ്റവും ആധുനികമായ ഒരു സമ്മിശ്ര വ്യായാമമുറയാണ് അത്. കൊളംബിയൻ ഡാൻസറായ ആൽബെർട്ടോ ബെറ്റോ പെരെസ് ആണ് തൊണ്ണൂറുകളിൽ സൂംബാ നൃത്തം വികസിപ്പിച്ചത്. ചിലർക്ക് വ്യായാമ രീതികൾ ആരംഭിക്കുന്നതിനും തുടരുന്നതിനും മടുപ്പ് ഉണ്ടാവുക സാധാരണമാണ്. അതിനാൽ അവർ വ്യായാമ പരിപാലനത്തിൽ നിന്ന് മാറിനില്ക്കാറുണ്ട്. എന്നാൽ സൂംബാ നൃത്തം അവർക്കും ഇഷ്ടമായിത്തീരുന്നതാണ് ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു വ്യക്തിയിൽ ശാരീരികാരോഗ്യം, മാനസികാരോഗ്യം, സാമൂഹികാരോഗ്യം എന്നിവ വികസിച്ചു വരുന്നതിന് ഇത് സഹായകമാണ്. ശാരീരികാരോഗ്യം നന്നായി വികസിപ്പിക്കുന്നതിന് സൂംബാ നൃത്തം ഗുണകരമാണ്. ദിവസവും ഇത് പരിശീലിക്കുന്നതിലൂടെ മറ്റ് വ്യായാമമുറകളെപ്പോലെ സൂംബാ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണം നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്. ഒരുമണിക്കൂർ സൂംബ ചെയ്യുന്നതിലൂടെ ശരീരത്തിൽ നിന്ന് 300 മുതൽ 600 കലോറി വരെ ഉപയോഗിക്കപ്പെടുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. മറ്റ് വ്യായാമ മുറകളെപ്പോലെ സൂംബാ നൃത്തം പേശികളെ ശക്തിപ്പെടുത്തുകയും, അങ്ങനെ ശാരീരികക്ഷമതയും ഊർജസ്വലതയും വർദ്ധിക്കുകയും ചെയ്യുന്നു. നൃത്തച്ചുവടുകൾ ശരീരത്തിന്റെ ഏകോപനവും ബാലൻസും മെച്ചപ്പെടുത്തുന്നുമുണ്ട്.
ആനന്ദത്തിന്റെ
ഹോർമോണുകൾ
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സൂംബാ നൃത്തവും അതിന്റെ അവിഭാജ്യ ഘടകമായ സംഗീതവും പ്രയോജനകരമാണ്. ദിവസവും സൂംബാ പരിശീലിക്കുന്നതിലൂടെ തലച്ചോറിൽ ഡോപമിൻ, എൻഡോർഫിൻ എന്നീ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ (വെൽനസ് ഹോർമോണുൾ) ഉത്പാദനം കൂടുതലായി ഉണ്ടാകുന്നു. ഇത് വ്യായാമമുറയിൽ ഏർപ്പെടുന്ന വ്യക്തിക്ക് ആനന്ദവും മാനസികമായ ഉല്ലാസവും നൽകുന്നു. കൂട്ടായ വ്യായാമമുറയിലൂടെ ആളുകൾ പരസ്പരം ഇടപഴകുകയും, പരസ്പരസൗഹൃദം വളരുകയും ചെയ്യുന്നു. മറ്റേതൊരു വ്യായാമമുറയും നല്കാത്ത ഒരു നേട്ടമാണ് സൂംബയിലൂടെ ലഭിക്കുന്ന ഈ സാമൂഹികാരോഗ്യം. അന്തർമുഖത്വമുള്ള കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും ഇത് ഗുണകരമാണ്. കുട്ടികളിൽ സാമൂഹിക ബോധവും സഹകരണ മനോഭാവവും വളർന്നുവരുന്നതിന് ഇത് സഹായകമാണ്. ഗ്രൂപ്പ് ആയി ചെയ്യുന്നതു കാരണം ടീം വർക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കാനും ഇതുവഴി കഴിയുന്നു.
ചൈന, അമേരിക്ക അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും സ്‌കൂളുകളിൽ സൂംബാ നൃത്തം പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഇന്ന് 180-ലധികം രാജ്യങ്ങളിലായി ആഴ്ചയിൽ 15 ദശലക്ഷത്തിലധികം ആളുകൾ സുംബ പരിശീലിക്കുന്നു. ചുരുക്കത്തിൽ വ്യായാമം എന്ന നിലയിൽ കുട്ടികളെ സൂംബ പരിശീലിപ്പിക്കുന്നത് ആരോഗ്യകരമാണ്. കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും, ജീവിതശൈലീ രോഗങ്ങളെയും കുട്ടിക്കാലത്തെ അമിതവണ്ണത്തെയും ഇല്ലാതാക്കാനുമെല്ലാം സൂംബ സഹായിക്കും. കുട്ടികളുടെ ഊർജ്ജം വഴിതിരിച്ചുവിടാനും ഈ വ്യായാമം സഹായകമാണ്.
സൂബാ നൃത്തം
പല തരം
എല്ലാവർക്കും സൂംബാ നൃത്തം പരിശീലിപ്പിക്കാൻ കഴിയില്ല. പ്രത്യേക പരിശീലനം നേടിയ ഇൻസ്ട്രക്ടർമാരാണ് സൂംബ പരിശീലിപ്പിക്കേണ്ടത്. വിവിധ തരം സൂംബാ നൃത്ത രീതികളുണ്ട്. സൂംബാ ബേസിക് 1, ബേസിക് 2, ഗോൾഡ് എന്നിവയ്ക്കൊപ്പം നാലു മുതൽ 11 വയസുവരെ ഉള്ളവർക്കായി കിഡ്സ് ആൻഡ് കിഡ്സ് ജൂനിയർ, അക്വാ സൂംബ തുടങ്ങി വിവിധ തരത്തിലുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. സാധാരണയായി 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ് ഇതിനെടുക്കുക. ഒരു സെഷനിൽ 10-13 വരെ പാട്ടുകളുണ്ടാകും. താളങ്ങൾ മാറിമാറിയാണ് പാട്ടുകൾ വരുന്നത്. ഹൃദയാരോഗ്യം കണക്കിലെടുത്താണ് താളത്തിന്റെ വ്യതിയാനം. കൈയുടെയും കാലിന്റെയും പേശികളുടെ ആരോഗ്യത്തിനും, അരക്കെട്ടിനും ഇടുപ്പിനും വയറിനുമെല്ലാം ഉദ്ദേശിച്ച് പ്രത്യേകം സ്റ്റെപ്പുകളുണ്ട്.
പൊതുവെ ആഴ്ചയിൽ മൂന്ന് ക്ലാസുകൾ എന്ന കണക്കിലാണ് സൂംബാ പരിശീലനം. 10 മുതൽ 15 മിനിറ്റ് വരെ നീളുന്ന തയ്യാറെടുപ്പോടെയാണ് പരിശീലനം തുടങ്ങുന്നത്. ശരീരത്തെ നൃത്തത്തിന്റെ താളത്തിലേക്ക് ചുവടുവയ്പിക്കുന്നതിനുള്ള പൊടിക്കൈകളാണ് തുടക്കം. ശരീരത്തെ ഉണർത്താനുള്ള ചുവടുകളെന്നും ഇവയെ വിശേഷിപ്പിക്കാം. അനുബന്ധമായി ഇതിനും പാട്ടുണ്ടാകും. അവസാനമായി 10 മുതൽ 15 മിനിറ്റ് വരെ കൂൾ ഡൗൺ സ്റ്റെപ്പുമുണ്ടാകും. ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് വ്യായാമത്തിന്റെ സമയം നിർദ്ദേശിക്കുക. കുട്ടികൾക്ക് ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും സൂംബ അനുയോജ്യമാണ്.
ചുരുക്കത്തിൽ സൂംബാ നൃത്തം സ്‌കൂൾ കുട്ടികൾക്കിടയിൽ മാത്രമായി ചുരുക്കരുത്. കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇത് ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് വ്യാപിപ്പിക്കണം. അങ്ങനെ പുതു തലമുറയിൽ എല്ലാവരിലേക്കും ഈ വ്യായാമമുറ വ്യാപിപ്പിക്കണം. അങ്ങനെ അവരിൽ ശാരീരികക്ഷമതയും മാനസികക്ഷമതയും സാമൂഹികക്ഷമതയും വളരട്ടെ. സൂംബാ നൃത്തത്തിന്റെ വ്യാപനം എല്ലാ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുന്നതു കൂടി ആലോചിക്കണം. ഈ ഉദ്യമത്തിൽ നിന്ന് നമ്മൾ പിന്നാക്കം പോകരുത്. താത്പര്യമില്ലാത്തവർ അതിൽ നിന്ന് മാറിനിന്നുകൊള്ളട്ടെ. അതായിരിക്കും നല്ലത്.
(തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക്സ് വിഭാഗം പ്രൊഫസറും ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റ് മേധാവിയും ചൈൽഡ് സൈക്യാട്രിസ്റ്റുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |