വെള്ളറട: മലയോരമേഖലയിൽ ടൂറിസം പദ്ധതികൾക്ക് തുടക്കമായി. അമ്പൂരി ഗ്രാമപഞ്ചായത്തിലെ ടൂറിസം സാദ്ധ്യതാ പ്രദേശങ്ങളെ കോർത്തിണക്കി ടൂറിസം പ്രമോഷണൽ കൗൺസിലുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതിന് സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 6 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്.
അമ്പൂരിയെ കൂടാതെ മലയോരത്തെ മറ്റ് രണ്ട് പഞ്ചായത്തുകളിലും ടൂറിസം പദ്ധതികൾക്ക് വളരെയേറെ സാദ്ധ്യതകളുണ്ടെന്ന് അധികൃതരുടെ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്.
അനുമതി ലഭിച്ചു
അമ്പൂരി ഗ്രാമപഞ്ചായത്തിൽ നിരവധി പ്രദേശങ്ങളാണ് ടൂറിസം സാദ്ധ്യതകൾക്ക് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്. പുറുത്തിപ്പാറയിലെ ദൃവ്യപാറ, ഗുഹാക്ഷേത്രം, നെയ്യാർ റിസർവോയറിനോട് ചേർന്നുകിടക്കുന്ന മായത്തും ബോട്ട് യാത്ര, ഇവയെല്ലാം പ്രകൃതിയെ ആസ്വദിക്കാൻ കഴിയുന്ന കുന്നുകളും മലകളും ദ്വീപുകളും നിറഞ്ഞ ഭൂപ്രദേശമാണ്. ടൂറിസം സാദ്ധ്യതാപഠനം ഇവിടെ നടന്നു കഴിഞ്ഞിട്ട് കാലങ്ങൾ ഏറെയായി. ഇപ്പോഴാണ് പദ്ധതിക്ക് അനുമതികൾ ലഭിച്ചത്.
ടൂറിസ്റ്റുകളെ ആകർഷിക്കാൻ അമ്പൂരിയുടെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ റിസോർട്ടുകളും ഭക്ഷണ ശാലകളും തയ്യാറായിക്കഴിഞ്ഞു.
നടപ്പാകാതെ പ്ളാങ്കുടിക്കാവ്
ഇക്കോടൂറിസം
വെള്ളറട ഗ്രാമപഞ്ചായത്തലെ പ്ളാങ്കുടിക്കാവ് ഇക്കോടൂറിസം പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല.
കന്യാകുമാരിയും തൃപ്പരപ്പും നെയ്യാർഡാമും സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്ക് വെള്ളറടയിലെ പ്ളാങ്കുടിക്കാവ് ഇക്കോടൂറിസം പദ്ധതി പ്രദേശത്തെ വേണ്ട സൗകര്യങ്ങൾ ഒരുക്കിയാൽ ഈ മേഖലയിലും ടൂറിസം വളരും.
ആര്യങ്കോടും ടൂറിസം എത്തിയില്ല
ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കിഴക്കൻമല, പഴിഞ്ഞിപ്പാറ, പൊഴിയല്ലൂർ, കോയിക്കൽ, ഈരാറ്റിൻപുറം, അരുവിക്കര പ്രദേശങ്ങൾ ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള പ്രദേശങ്ങളെന്ന് കാണിച്ച് ആര്യങ്കോട് ഗ്രാമപഞ്ചായത്തും അധികൃതരെ സമീപിച്ചിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇവിടെയും ടൂറിസം എത്തിയില്ല.
സംവിധാനങ്ങൾ ഒരുക്കിയാൽ നേട്ടങ്ങളേറെ
ടൂറിസം പദ്ധതികൾ നടപ്പിലാക്കിയാൽ മലയോര മേഖലയിലെ വികസനങ്ങൾ വേഗത്തിലാക്കാനും ഈ മേഖലയിലൂടെ നിരവധി പേർക്ക് തൊഴിൽ കണ്ടെത്താനും കഴിയുമായിരുന്നു. വെള്ളറടയിൽ ഏറെ നാളുകൾക്ക് മുമ്പുതന്നെ പഞ്ചായത്തിന്റെയും ടൂറിസം പ്രൊമോഷണൽ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ പ്ളാങ്കുടിക്കാവിൽ ടൂറിസം വാരാഘോഷം സംഘടിപ്പിച്ചിരുന്നു. തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതാണ് പദ്ധതികളൊന്നും നടപ്പിലാകാത്തത്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കിയാൽ ഈ മേഖലയിൽ സർക്കാരിന് വൻ നേട്ടം കൈവരിക്കാനാകും.
മലയോരമേഖലയിലെ ടൂറിസം സാദ്ധ്യത ഏറെയുള്ള പ്രദേശങ്ങളിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന് പഠനം നടത്താനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അമ്പൂരിയിലെ ടൂറിസം പദ്ധതികൾ വികസിക്കുന്നതിനോടൊപ്പം മലയോര മേഖലയിലെ മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
സി.കെ.ഹരീന്ദ്രൻ എം.എൽ.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |