ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തിലെ പാറക്കാലിൽ പ്രവർത്തിച്ചു വന്നിരുന്ന തെക്കേ ദേശം വില്ലേജ് ഓഫീസിന്റെ പഴയകെട്ടിടം ജീർണാവസ്ഥയിലായിൽ. ഈ കെട്ടിടം നവീകരിച്ച് ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കെട്ടിടം ഗ്രാമ പഞ്ചായത്തിന് കൈമാറണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് ചിറ്റൂർ കാവിന്റെ മുമ്പിലുള്ള റവന്യൂ വകുപ്പിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതെക്കേ ദേശം വില്ലേജ് ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി തെക്കേ ദേശത്ത് തന്നെ പ്രവർത്തിക്കണമെന്ന് ഇവിടുത്തെ ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് പാറക്കാൽ എ.എം.എ എൽ.പി സ്‌കൂളിന് മുന്നിലുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് വായനശാലയായി പ്രവർത്തിച്ച് വന്നിരുന്ന കെട്ടിടമായിരുന്നു ഇത്. കാലക്രമേണ ഓഫീസിൽ തിരക്ക് വർദ്ധിച്ചതോടെ പരിമിതമയ സൗകര്യം മാത്രമുള്ള കെട്ടിടത്തിലുള്ള പ്രവർത്തനം വളരെ പ്രതിസന്ധി സൃഷ്ടിച്ചു. കെട്ടിടവും ശോച്യാവസ്ഥയിലായി. തുടർന്നാണ് ഏതാനും വർഷങ്ങൾക്കു മുമ്പ് പാറക്കാലിൽ തന്നെയുള്ള റവന്യു പുറമ്പോക്ക് സ്ഥലത്തു ലക്ഷങ്ങൾ മുടക്കി ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമ്മിക്കുകയും പ്രവർത്തനം അതിലേക്ക് മാറ്റുകയും ചെയ്തത്. ഇതോടെ പഴയ കെട്ടിടം ആൾ പെരുമാറ്റം ഇല്ലാതെയും ചിതലരിച്ചും ചോർന്നൊലിച്ചും ജീർണാവസ്ഥയിലായി നശിച്ചു തുടങ്ങുകയായിരുന്നു. ഈ കെട്ടിടം ഗ്രാമ പഞ്ചായത്തിന് കൈമാറിയാൽ ആവശ്യമായ നവീകരണം നടത്തി വൃദ്ധർക്ക് പകൽ വീട്, അങ്കണവാടി, യൂനാനി ആശുപത്രി തുടങ്ങി മറ്റേതെങ്കിലും സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ഉയർന്നു വന്നിട്ടുള്ള ജനാഭിപ്രായം. റവന്യൂ വകുപ്പിലെ രേഖകൾ പഴയ കാലത്തെ വായനശാലയുടെ പേരിലാണെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |