തിരുവല്ല : പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തിയ വർഗീസ് വർഗീസിന് വരുമാനം എന്നതിലുപരിയായി മത്സ്യകൃഷി മാനസികോല്ലാസം കൂടിയാണ് . വിഷമില്ലാത്ത മത്സ്യവിഭവങ്ങൾ കഴിക്കാനുമാകും. കൊവിഡിനുശേഷം നാട്ടിലെത്തിയ വർഗീസ്, വാർഡ് കൗൺസിലറായ റെജിനോൾഡ് വർഗീസിന്റെ പ്രേരണയിലാണ് ഈരംഗത്തേക്ക് കടന്നത്. കുറ്റപ്പുഴ പയ്യംപ്ളാട്ട് വീടിന്റെ മുറ്റത്ത് രണ്ട് മത്സ്യക്കുളങ്ങൾ ഒരുക്കി. അതിലാണ് നാലുവർഷമായി മത്സ്യകൃഷി . വരാൽ,തിലാപ്പിയ മത്സ്യങ്ങളാണ് കൂടുതൽ. 700ഓളം മത്സ്യകുഞ്ഞുങ്ങൾ ഇപ്പോൾ കുളങ്ങളിലുണ്ട്. ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ അരക്കിലോയിലധികം തൂക്കമുള്ള മത്സ്യങ്ങളെ ലഭിക്കും. കോഴഞ്ചേരിയിലെ പന്നിവേലിച്ചിറയിൽ നിന്നാണ് ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. വിളവെടുക്കുന്ന മത്സ്യങ്ങളെ ആവശ്യാനുസരണം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിൽക്കും. വൃത്തിയാക്കി കൊടുക്കുന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. പുരയിടത്തിലെ എത്തവാഴ, ഇഞ്ചി, ചേമ്പ് കൃഷികളും അലങ്കാരച്ചെടികളും പയ്യംപ്ളാട്ട് വീടിനെ കൂടുതൽ സുന്ദരമാക്കുന്നു.
അംഗീകാരങ്ങളേറെ
ഖത്തറിലെ ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ 38വർഷം ജോലിചെയ്ത വർഗീസ് സേഫ്റ്റി ട്രെയിനറായാണ് വിരമിച്ചത്. പാപ്കോസ് ഡയറക്ടർ ബോർഡംഗം കൂടിയായ വർഗീസ് വർഗീസിനും ഭാര്യ വത്സമ്മ വർഗീസിനും മികച്ച കർഷകർക്കുള്ള ആദരവ് പലതവണ ലഭിച്ചിട്ടുണ്ട്. കർഷകദിനത്തോടനുബന്ധിച്ച് തിരുവല്ല നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ വർഗിസ് വർഗിസിനെയും വൽസമ്മ വർഗിസിനെയും ആദരിക്കുകയും ചെയ്തു. ഖത്തറിൽ സ്റ്റാഫ് നഴ്സായിരുന്ന വത്സമ്മയും മക്കളായ വിവിൻ വർഗീസ് (അറ്റ്‌ലാന്റാ), വിനീത ആൻ വർഗീസ് (ബാംഗ്ലൂർ) എന്നിവരും മത്സ്യകൃഷിക്ക് പിന്തുണയേകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |