ബംഗളൂരു: കാൽനടയാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും അനുമതിയില്ലാതെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഹോട്ടൽ മാനേജ്‌മെന്റ് ബിരുദധാരി ഗുർദീപ് സിംഗിനെ (26) യാണ് ബംഗളൂരു പൊലീസ് അറസ്റ്റുചെയ്തത്.പ്രതിയെ ബംഗളൂരുവിലെ കെആർപുരത്തുള്ള വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സെൻട്രൽ ബംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിൽ സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ വീഡിയോയിൽ പകർത്തുകയും ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. പൊതുഇടങ്ങളിൽ സ്ത്രീകൾക്കു നേരെ ക്യാമറ ചൂണ്ടുമ്പോൾ ഇവർ ഞെട്ടലോടെ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം.
ചർച്ച് സ്ട്രീറ്റിൽ വച്ച് തന്റെ അറിവോ അനുമതിയോ ഇല്ലാതെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ ആരോ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ഒരു സ്ത്രീയാണ് ആദ്യം പരാതിപ്പെട്ടത്. വീഡിയോ എടുത്ത അപരിചിതനിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ ലഭിച്ചതായും സ്ത്രീ ആരോപിച്ചു.
ഇൻസ്റ്റഗ്രാമിന്റെ സ്ഥാപക കമ്പനിയായ മെറ്റയോട് അക്കൗണ്ട് പിൻവലിക്കാൻ ആവശ്യപ്പെടാൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തത സംഭവം അടുത്തിടെ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |