പള്ളുരുത്തി: അനധികൃത പാർക്കിംഗും വഴിയോര കച്ചവടക്കാരും പെരുകിയതോടെ കച്ചേരിപ്പടി വീർപ്പ് മുട്ടുന്നു.സമീപത്ത് പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി, ആരാധനാലയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആയുർവേദ ആശുപത്രിയുടെ പ്രവേശന കവാടത്തിന് മുന്നിലാണ് പഴം, പച്ചക്കറി വില്പ്ന തകൃതിയായി നടക്കുമ്പോൾ വില്ലേജോഫീസിനു മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.ഇതുമൂലം ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്.നാലും കൂടിയ ജംഗ്ഷനിൽ ഫ്ളക്സ് ബോർഡുകൾ കൂടിയതോടെ ഇവിടെയും വാഹനങ്ങളുടെ കൂട്ടയിടിയാണ്. ഇതിനു സമീപത്ത് തന്നെയാണ് കെ.എസ്.എഫ്.ഇ ഓഫീസും പ്രവർത്തിക്കുന്നത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പള്ളുരുത്തി ഭാഗത്ത് പണിതുയർത്തിയ വാക്ക് വേയിലാണ് ഇപ്പോൾ കച്ചവടം. ഇതു മൂലം കാൽനടയാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
മേയർക്ക് പരാതി നൽകി
ആദ്യം രണ്ട് കുറ്റി സ്ഥാപിച്ച് പ്ളാസ്റ്റിക്ക് വലിച്ച് കെട്ടിയാണ് കച്ചവടം ആരംഭിക്കുന്നത്. ഇത് പിന്നെ കാലക്രമേണ കോൺക്രീറ്റ് കെട്ടിടമായി മാറുന്ന സ്ഥിതിയാണ്.ഇതിനെതിരെ റസിഡൻസ് അസോസിയേഷൻ കൊച്ചി മേയർക്ക് പരാതി നൽകിയിരിക്കുകയാണ്.
വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു
മാസങ്ങൾക്ക് മുൻപ് കൊച്ചി നഗരസഭ ഇടപെട്ട് ഈ ഭാഗത്തെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു.എന്നാൽ രണ്ട് ദിവസം തികയുന്നതിനു മുൻപേ വീണ്ടും കടകൾ കൂൺപോലെ മുളച്ചു പൊങ്ങി.
പാർക്കിംഗിന് വില്ലേജ് ഓഫീസിന്റെ മെയിൻ ഗേറ്റ് തുറന്നു
ഡിവിഷൻ കൗൺസിലർമാർ വിഷയത്തിതിൽ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. വില്ലേജ് ഓഫീസിന്റെ മെയിൻ ഗേറ്റ് തുറന്നു കൊടുത്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പൗരസമിതി സംഘടന ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗേറ്റ് തുറന്ന് കൊടുക്കാൻ ധാരണയായി.ഇതോടെ വില്ലേജിൽ പല ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |