തിരുവനന്തപുരം: കംപ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ ആക്ടിലെ 14-ാം വകുപ്പു പ്രകാരം ആഡിറ്റിംഗ് കിഫ്ബിയിൽ നടക്കുന്നുണ്ടെന്നും അതിനാൽ ഇതേ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരമുള്ള ആഡിറ്റിംഗിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിൽ സി.എ.ജിയുടെ ആഡിറ്റിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് എല്ലാ വർഷവും ജൂലായിൽ സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ടും ആഡിറ്റ് ചെയ്ത കണക്കും നിയമസഭയിൽ സമർപ്പിക്കണം. 2016ൽ കിഫ്ബി ആക്ട് ഭേദഗതി ചെയ്തപ്പോൾ 16-ാം വകുപ്പിന് ഒരു ഭേദഗതിയും വരുത്തിയിട്ടില്ല. മാത്രമല്ല 3(8) എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതനുസരിച്ച് ഫണ്ടിന്റെ സ്രോതസും വിനിയോഗവും സംബന്ധിച്ച് നിയമസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഫണ്ട് വിനിയോഗ കാര്യത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ഇതു ചെയ്തത്.
സർക്കാരിന്റെ ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങൾക്കും സി.എ.ജി ആഡിറ്റ് ബാധകമാണ്. സെക്‌ഷൻ 14ന്റെ പരിധിയിൽ വരാത്ത സ്ഥാപനങ്ങളിൽ സെക്‌ഷൻ 20 പ്രകാരം ആഡിറ്റ് നടത്തണമെന്ന് സി.എ.ജിയോട് സർക്കാരിന് അഭ്യർത്ഥിക്കാം. സർക്കാർ ഗ്രാന്റോ വായ്പയോ കിട്ടുന്ന സ്ഥാപനം ആഡിറ്റ് ചെയ്യണമെന്ന് സി.എ.ജിക്ക് സർക്കാരിനോടും അഭ്യർത്ഥിക്കാം. ഇതനുസരിച്ച് സർക്കാരിന് ആഡിറ്റിംഗ് അനുവദിക്കാവുന്നതാണ്. വസ്തുതകൾക്ക് വിരുദ്ധമായ പ്രചാരണം വികസന പദ്ധതികൾക്ക് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |