കൊല്ലം: നിരത്തിലെ നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരെ കുടുക്കാനും അപകടങ്ങൾ കുറയ്ക്കാനും നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ കണ്ണടച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
ഹൈസ്കൂൾ ജംഗ്ഷൻ, ചിന്നക്കട, മാടൻനട, താലൂക്ക് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായി 5 ക്യാമറകളാണ് ഉണ്ടായിരുന്നത്. നിലവിൽ ചിന്നക്കടയിലും മാടൻനടയിലും മാത്രമാണ് ക്യാമറകൾ പ്രവർത്തിക്കുന്നത്. പത്തു വർഷത്തിലേറെയായി ഇവ സ്ഥാപിച്ചിട്ട്.
ദേശീയപാതയിൽ ഉൾപ്പെടെ മിക്ക പാതകളിലും അപകടങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോഴാണ് ഈ അനാസ്ഥ. കാഴ്ച മങ്ങുന്ന 'പ്രായ'മൊന്നും ആയില്ല ക്യാമറകൾക്ക്. പക്ഷേ, കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തിനാൽ തകരാറിലാവുകയായിരുന്നു. മഴയും വെയിലും ഇടിമിന്നലും മിക്കവയുടെയും കാഴ്ച മറച്ചു. ചിലയിടങ്ങളിൽ ക്യാമറ സ്ഥാപിച്ചിരിക്കുന്ന തൂണുകളിലും ക്യാമറയിലും തുരുമ്പ് കയറി ഒടിഞ്ഞു തൂങ്ങാറായ അവസ്ഥയിലാണ്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും മാലിന്യം തള്ളുന്നവരെയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് സഹായകരമായിരുന്നു. റോഡിൽ അപകടങ്ങളുണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങൾ കണ്ടെത്താനും ഇതായിരുന്നു ആശ്രയം. കഴിഞ്ഞ ദിവസം കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ, ക്യാമറ ഇല്ലാത്തതിനാൽ ശേഖരിക്കാനായില്ല. പല സന്ദർഭങ്ങളിലും സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറകളാണ് ആശ്രയം.
ക്യാമറകളുടെ പ്രവർത്തനം സംബന്ധിച്ച് പൊലീസ് കൺട്രോൾ റൂമിന് നോട്ടീസ് നൽകിയിരുന്നു. ഉടൻ നവീകരണ പ്രവർത്തനങ്ങൾ നടത്തും
എസ്.പി ഓഫീസ് അധികൃതർ
ഈ ക്യാമറകൾ സ്ഥാപിക്കുന്നതും അറ്റകുറ്റപ്പണികൾ ചെയ്യുന്നതും ടെലികോം കമ്മ്യൂണിക്കേഷൻ വിഭാഗമാണ്
പൊലീസ് കൺട്രോൾ റൂം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |