ന്യൂഡൽഹി: തുടർച്ചയായി രണ്ടാം ദിവസവും ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം. ഇന്നലെ വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപുരിൽ നാലുനില കെട്ടിടം തകർന്ന് രണ്ട് വയസുള്ള കുട്ടിയടക്കം ആറ് പേർ മരിച്ചു. ഒരു വയസുള്ള കുട്ടിയുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇവരെ ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ഏഴുപേർ ഒരു കുടുംബത്തിലുള്ളവരാണ്.
ഇന്നലെ രാവിലെ 7.05നാണ് സീലംപുരിൽ വെൽകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജനത കോളനിയിലുള്ള നാലുനില കെട്ടിടം തകർന്നുവീണത്. ഉടൻ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയെന്നും നോർത്ത് ഈസ്റ്റ് ജില്ലാ അഡിഷണൽ എ.സി.പി സന്ദീപ് ലാംബ പറഞ്ഞു.
ഡൽഹി പൊലീസും അഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫും ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടിയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം,അപകടസ്ഥലം ഡൽഹി തൊഴിൽ,വികസനകാര്യ മന്ത്രി കപിൽ മിശ്ര സന്ദർശിച്ചു. ഗുണനിലവാരമില്ലാത്ത നിർമ്മാണരീതികളിലും പരിഹരക്കപ്പെടാത്ത അഴിമതിയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അനുശോചനം അറിയിച്ചു.
ഒഴിപ്പിക്കാൻ നോട്ടീസ്
നൽകിയ കെട്ടിടം
വെള്ളിയാഴ്ച രാവിലെ സെൻട്രൽ ഡൽഹിയിലെ ബാര ഹിന്ദു റാവുവിൽ നാലുനില കെട്ടിടം തകർന്ന് ഒരാൾ മരിച്ചിരുന്നു. കെട്ടിടത്തിലെ തുണിക്കടയിലെ ജോലിക്കാരനായ ഡൽഹി സ്വദേശി മനോജ് ശർമായാണ് (46) മരിച്ചത്. ഡൽഹി മെട്രോയുടെ ജനക്പുരി വെസ്റ്റ്- ആർ.കെ ആശ്രം മാർഗ് കോറിഡോറിനായുള്ള തുരങ്ക നിർമാണം നടക്കുന്നതിന് സമീപത്തുള്ള കെട്ടിടമാണ് വെള്ളിയാഴ്ച തകർന്നത്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനാൽ
ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയ കെട്ടിടമാണ് തകർന്നതെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) പറഞ്ഞു. മരിച്ച മനോജ് ശർമയുടെ കുടുംബത്തിന് ഡി.എം.ആർ.സി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |