കൊല്ലം: നാവിൽ എരിവും പുളിയും തുളച്ചുകയറുന്ന കുരുമുളകിട്ട് വറ്റിച്ച നാട്ടുകോഴി രസം. നിറം കൊണ്ട് മനം മയക്കുന്ന പള്ളിപ്പാളയം ചിക്കൻ. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ചെട്ടിനാട് മുരിങ്ങ സൂപ്പ്. തമിഴ്നാട് തീരത്തെ മത്സ്യത്തൊഴിലാളി കുടിലുകളിലെ സ്ഥിരം ഐറ്റമായ മീൻ വരുവൽ. പിന്നെ ചെട്ടിനാട് ചിക്കൻ സുക്ക, കാര പണിയാരം, വെണ്ടയ്ക്ക മന്തി, മൊച്ചൈ കുളമ്പ്... നൂറ്റാണ്ടുകൾ മുമ്പ് കച്ചവടത്തിന് തമിഴകത്ത് നിന്ന് മലയാള നാട്ടിലേക്ക് കാളവണ്ടികളിൽ വന്നുപോയിരുന്നവർ ഇങ്ങനെ ചില രുചികളും നമുക്ക് സമ്മാനിച്ചിരുന്നു.
തമിഴക രുചികളുടെ ഉറവിടം തേടിയുള്ള യാത്ര തമിഴ്നാട്ടിലെ ഈറോഡ്, മധുര, ചെട്ടിനാട്, നീലഗിരിയുടെ താഴ്വാരങ്ങൾ, അവിടുത്തെ കടലോരങ്ങൾ ഇങ്ങനെ നീളും. കൊല്ലം ലീലാ റാവിസ് അഷ്ടമുടിയിലെ ഷെഫുമാരുടെ സംഘം അടുത്തിടെ ഈവഴികളിലൂടെ ഒരു യാത്ര നടത്തി. ഒരോ സ്ഥലങ്ങളിലെയും അടുക്കളകളിലെത്തി മലയാളത്തിന്റെ മനം കീഴടക്കിയ വിഭവങ്ങളുടെ രൂചിക്കൂട്ടുകളും പാചകതന്ത്രങ്ങളും കുറിച്ചെടുത്തു. വഴിവക്കുകളിൽ കണ്ട ചില ക്ഷേത്രങ്ങൾക്ക് കൊല്ലത്തെ ചില അമ്പലങ്ങളിലെ ദാരുശില്പങ്ങളുമായും ചുവർചിത്രങ്ങളുമായും കൊത്തുപണികളുമായും സാമീപ്യം തോന്നി. വെറും സമീപ്യമല്ല, തമിഴ്നാട്ടിൽ നിന്ന് കുടിയേറി പാർത്തവർ നിർമ്മിച്ചതാണ് ഇവിടുത്തെ പല ക്ഷേത്രങ്ങളും.
ആയിരത്തിലേറെ വർഷം മുമ്പ് തമിഴ്നാട്ടിലെ ചെട്ടിയാർമാർ കൊല്ലത്തേക്ക് നടത്തിയിരുന്ന സ്ഥിരം സഞ്ചാരത്തിന്റെ വഴികൾ തമിഴ് ലിപികളിൽ അലേഖനം ചെയ്തിട്ടുള്ള ചെമ്പ് തളിക കൊല്ലം തേവള്ളിയിൽ നിന്ന് പതിറ്റാണ്ടുകൾ മുമ്പ് കണ്ടെത്തിയിരുന്നു. കാളവണ്ടി നിറയെ ചരക്കുമായി ആര്യങ്കാവ് വഴിയെത്തിയിരുന്ന സംഘങ്ങൾ തിരുവനന്തപുരം വഴിയാണ് മടങ്ങിയിരുന്നത്. ഈ പുരാരേഖയെക്കുറിച്ചുള്ള ചർച്ചയാണ് കൊല്ലത്തെ തമിഴ് വിഭവങ്ങളുടെ ഉറവിടത്തിലേക്കുള്ള യാത്രയിലേക്ക് കൊല്ലം ലീലാ റാവിസ് അഷ്ടമുടിയിലെ ഷെഫുമാരെ നയിച്ചത്.
ചെട്ടിയാർമാരുടെ യാത്രയിലൂടെ എത്തിയ രുചി ചെട്ടിനാട് ഫുഡ് ഫെസ്റ്റായി നുകരാനും കോപ്പർ പ്ലേറ്റ് സർക്യൂട്ടായി അനുഭവിച്ചറിയാനും അവസരമൊരുക്കിയിരിക്കുകയാണ് കൊല്ലം ലീലാ റാവിസ് അഷ്ടമുടി.
തക്കാളി ഹൽവ, ശർക്കര പൊങ്കൽ, ചെട്ടിനാട് മട്ടൻ ബിരിയാണി, ചെട്ടിനാട് കോഴി കൊളമ്പ്, വാഴക്ക പൊടിമാസ്, ഉരുളക്കായ് പൊടിമാസ്, വാത്ത കുഴമ്പ്, കൂത്ത് പെറോട്ട, ചിക്കൻ കലക്കി, കൂന്തൽ വരുവൽ തുടങ്ങി 50ൽ അധികം ചെട്ടിനാട് വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക ഫുഡ് ഫെസ്റ്റ് ലീലാ റാവിസ് അഷ്ടമുടിയിൽ ഒരുക്കിയിരിക്കുകയാണ്. തനത് രുചി സമ്മാനിക്കാൻ തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള കറിക്കൂട്ടുകൾ റാവിസിലെ ഷെഫുമാർ നേരിട്ട് ശേഖരിച്ച് സൂക്ഷ്മമായി വറുത്ത് പൊടിച്ചാണ് ചെട്ടിനാട് വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയും രാത്രി 7.30 മുതൽ 10.30 വരെയാണ് ചെട്ടിനാട് ഫുഡ്ഫെസ്റ്റ്. ബാക്കി ദിവസങ്ങളിൽ രാത്രി 7.30 മുതൽ 10.30 വരെയുമാണ്. ഈമാസം 20 വരെ തുടരും.
വർഷം മുഴുവനും കോപ്പർ പ്ലേറ്റ് സർക്യൂട്ട് യാത്ര
കിഴക്കിന്റെ സുവർണ വഴിയിലൂടെ യാത്രയും തമിഴ്നാട്ടിലെ രാജാക്കന്മാരും വ്യാപാരികളും സഞ്ചരിച്ചിരുന്ന വഴിയിലൂടെയുള്ള ഹൃദ്യമായ കാഴ്ചകളും അനുഭവങ്ങളും രുചികളും സമ്മാനിക്കുന്ന 250 കിലോമീറ്ററോളം നീളുന്ന കോപ്പർ പ്ലേറ്റ് സർക്യൂട്ട് യാത്ര വർഷം മുഴുവനും കൊല്ലം ലീലാ റാവിസ് അഷ്ടമുടി ഒരുക്കിയിരിക്കുന്നു. അഷ്ടമുടി കായലോരത്ത് നിന്ന് തുടങ്ങി പശ്ചിമഘട്ടത്തിന്റെ ഓരങ്ങളിലൂടെ തെങ്കാശി, കുറ്റാലം കൊട്ടാരം, മധുരമീനാക്ഷി ക്ഷേത്രം, ശ്രീവല്യപത്തൂർ, അംബാസമുദ്രം, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം അടക്കം വിവിധ ആരാധനാലയങ്ങളും കൊട്ടാരങ്ങളും കോട്ടകളും വഴി 46ൽ അധികം സ്ഥലങ്ങളിൽ സന്ദർശിക്കുന്നതാണ് ഹൃദ്യമായ യാത്ര.
ആയിരത്തിലേറെ വർഷം മുമ്പ് നിലനിന്നിരുന്ന വ്യാപാര ബന്ധത്തിലൂടെ കൊല്ലത്തിന് ലഭിച്ച രുചികൾ വീണ്ടും നുകരാനും കിഴക്കിന്റെ സുവർണരേഖയായ ട്രേഡ് റൂട്ടിലൂടെയുള്ള ഹൃദ്യമായ യാത്രയ്ക്കുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
എം.എസ്.ശരത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ
ലീലാ റാവിസ് ഹോട്ടൽസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |