ടെഹ്‌റാൻ: ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന് പരിക്കേറ്റിരുന്നതായി റിപ്പോർട്ട്. ഇറാൻ വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. ജൂൺ 16ന് ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് നേരിയ പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ടെഹ്‌റാന്റെ പടിഞ്ഞാറൻ മേഖലയിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പെസഷ്‌കിയാന്റെ കാലിന് ചെറിയ പരിക്ക് പറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രസിഡന്റിനെ കൂടാതെ ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ജുഡീഷ്യറി തലവൻ മൊഹ്‌സേനി എജെയ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ജൂൺ 13 മുതൽ 12 ദിവസം നീണ്ട സംഘർഷത്തിനിടെ ഇസ്രയേൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന് പെസഷ്‌കിയാനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. താൻ ഒരു യോഗത്തിൽ പങ്കെടുക്കവെ ഇസ്രയേൽ അവിടെ ബോംബിടാൻ ശ്രമിച്ചെന്നും എന്നാൽ അവർ പരാജയപ്പെട്ടെന്നുമാണ് പെസഷ്‌കിയാൻ പറഞ്ഞത്. ഇതിനിടെയാണ് ഇപ്പോൾ ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ബെയ്‌റൂട്ടിൽ ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിലുള്ള ആക്രമണമാണ് പ്രസിഡന്റിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയതെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. ആറ് മിസൈലുകളാണ് പ്രസിഡന്റ് ഉണ്ടായിരുന്ന കെട്ടിടത്തെ ലക്ഷ്യമാക്കി എത്തിയത്. കെട്ടിടത്തിലെ കവാടം തകർത്തതിനാൽ അകത്തേയ്ക്കും പുറത്തേയ്ക്കും പോകാനാത്ത സാഹചര്യമായിരുന്നു. വായുപ്രവാഹം തടഞ്ഞ് വിഷപ്പുക നിറച്ച് പ്രസിഡന്റിനെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ പദ്ധതി. എന്നാൽ ഒരു രഹസ്യ പാതയുണ്ടായിരുന്നതിനാൽ പ്രഡിഡന്റിനും മറ്റ് ഉദ്യോഗസ്ഥർക്കും രക്ഷപ്പെടാൻ സാധിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന് ഇസ്രയേലിന് ഒരു ചാരന്റെ സഹായം ലഭിച്ചതായാണ് ഇറാന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |