മലപ്പുറം: ഓണം അടുത്തിരിക്കെ കൂടുതൽ ആവശ്യക്കാർ എത്തുമെന്ന പ്രതീക്ഷയോടെ കസവ് സാരികളും മുണ്ടുകളും നെയ്യുന്ന തിരക്കിലാണ് നെയ്ത്ത് തൊഴിലാളികൾ. നെയ്‌തെടുക്കുന്ന തുണികളുടെ ഗുണം ഏറെയെങ്കിലും നെയ്‌തെടുക്കുന്നവരുടെ ജീവിതം പ്രതിസന്ധിയിലാണ്. ഒരു വർഷത്തെ സർക്കാരിൽ നിന്നുള്ള മിനിമം വേതനം ഇവർക്ക് ലഭിച്ചിട്ടില്ല. ജില്ലയിൽ ഖാദി ബോർഡിന് കീഴിലുള്ള എട്ട് നെയ്ത്ത് കേന്ദ്രങ്ങളിലായി 160 തൊഴിലാളികളാണുള്ളത്. എത്ര മീറ്റർ തുണി നെയ്‌തെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വേതനം നിശ്ചയിക്കുന്നത്. ഓരോ തുണിത്തരങ്ങൾക്കും അനുസരിച്ച് ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ടാകും. ഖാദി ബോർഡിൽ നിന്നും സർക്കാരിൽ നിന്നുമായാണ് ഇവർക്ക് വേതനം ലഭിക്കുന്നത്. ജോലിക്കനുസരിച്ച് ബോർഡിൽ നിന്ന് വേതനം ലഭിക്കും. സർക്കാരിൽ നിന്നും മിനിമം വേതനവും ലഭിക്കും. 100 രൂപ ഒരു ദിവസം ലഭിച്ചാൽ 60 രൂപയും മിനിമം വേതനത്തിലേക്ക് പോവും. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് സർക്കാർ തുക നൽകാത്തതെന്ന് ഖാദി ബോർഡ് അധികൃതർ പറയുന്നു.
നെടുവ, ആനമങ്ങാട്, പുൽപ്പറ്റ, കരിമ്പിൻതൊടി, പോരൂർ, മങ്കട, മേലാറ്റൂർ, ചെമ്പ്രശ്ശേരി ആണ് ജില്ലയിലെ ഖാദി ബോർഡിന് കീഴിലെ നെയ്ത്ത് കേന്ദ്രങ്ങൾ.
പ്രതിസന്ധിയിൽ
കൈത്തറി വസ്ത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള നൂൽ ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾക്ക് ഭാരിച്ച വിലയാണ്. ഉയർന്ന ചെലവിൽ നിർമ്മിക്കുന്ന കൈത്തറി വസ്ത്രങ്ങൾ വിറ്റഴിക്കാനുള്ള ബുദ്ധിമുട്ടും ഈ മേഖലയുടെ പ്രതിസന്ധിക്ക് കാരണമാണ്. ആളുകൾ ആധുനിക വസ്ത്രങ്ങളുടെ പിന്നാലെ പോയതോടെ കൈത്തറി വസ്ത്രങ്ങളോടുള്ള ആഭിമുഖ്യവും പലർക്കും കുറഞ്ഞെന്നും തൊഴിലാളികൾ പറയുന്നു.
കൂലി കുറവായത് കൊണ്ട് തന്നെ പുതിയ തലമുറയിലുള്ളവർ ഈ മേഖലയിലേക്ക് വരുന്നില്ല. കണ്ണും കാലും കൈയും കഴുത്തുമെല്ലാം ഒരേസമയം പ്രവർത്തിപ്പിച്ചാലേ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ നല്ലൊരു കൈത്തറി ഉത്പന്നം നിർമ്മിക്കാൻ കഴിയൂ. ചെയ്ത പണിയുടെ കൂലിയും കൃത്യമായി ലഭിക്കുന്നില്ല. ഓണത്തിന് കൂടുതൽ ആവശ്യക്കാർ എത്തുമെന്നാണ് പ്രതീക്ഷ.
നെയ്ത്ത് തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |