ചോര പടർന്ന കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ചരിത്രമാണ് കൃത്രിമകാലുകളുമായി രാജ്യസഭയിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന സി. സദാനന്ദൻ മാസ്റ്റർ. രാഷ്ട്രീയ അക്രമത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ കഥകളിലൊന്നാണ് ആ ജീവിതം. മുപ്പതാം വയസിൽ രാഷ്ട്രീയ അക്രമത്തിൽ രണ്ടു കാലുകളും നഷ്ടപ്പെട്ട ഒരാൾ 31 വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ ഏറ്റവും ഉയർന്ന നിയമനിർമ്മാണ സഭയിലേക്ക് എത്തുന്നു.
1994 ജനുവരി 25 രാത്രി 8.30. അന്നാണ് കണ്ണൂരിലെ രാഷ്ട്രീയ ക്വട്ടേഷൻ സംഘം ഒരു യുവാവിന്റെ രണ്ടു കാലുകളും വെട്ടിയെടുത്തത്. ഫ്രെബ്രുവരി ആറിന് നടക്കേണ്ടിയിരുന്ന, സഹോദരിയുടെ വിവാഹത്തിന്റെ തിരക്കുകളിൽ മുഴുകിയ ആ യുവാവ് ബന്ധുവീടുകൾ സന്ദർശിച്ച് സന്തോഷത്തോടെ മടങ്ങുകയായിരുന്നു. വീടിനടുത്തുള്ള അങ്ങാടിയിൽ, ഇരുട്ടിൽ പതിയിരുന്ന അക്രമി സംഘം പെട്ടെന്ന് ചാടിവീണു. ചുറ്റുമുണ്ടായിരുന്നവരെ ഭയപ്പെടുത്താൻ നാടൻ ബോംബുകളെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ചു. വാളുകൾകൊണ്ട് യുവാവിന്റെ ഇരുകാലുകളും വെട്ടിമാറ്റി.
രക്തത്തിൽകുളിച്ചു കിടന്ന ആ മനുഷ്യനെ ആശുപത്രിയിൽ എത്തിക്കാൻ ആരെങ്കിലും മുന്നോട്ടുവരാതിരിക്കാൻ ചുറ്റുമുള്ള ജനങ്ങളെ ഭീഷണിപ്പെടുത്തി. മൃഗീയതയുടെ ഈ നിർവചനം കോടതി പിന്നീട് അതേ വാക്കുകളിൽ വിശേഷിപ്പിച്ചു. പൊലീസാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ജീവൻ രക്ഷപ്പെട്ടെങ്കിലും ഇരുകാലുകളും എന്നെന്നേക്കുമായി നഷ്ടപ്പെട്ട ആ യുവാവിന് വീൽചെയറിനെ ആശ്രയിച്ചുള്ള ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടി വന്നു. പിന്നീട് കൃത്രിമക്കാലുകളിലായി അതിജീവനം.
പക്ഷേ, രാഷ്ട്രീയം ഉപേക്ഷിക്കാനോ തോൽവി സമ്മതിക്കാനോ സദാനന്ദൻ മാസ്റ്റർ തയ്യാറായിരുന്നില്ല. കൃത്രിമകാലുകൾ ഉപയോഗിച്ച്, 1999 മുതൽ പേരാമംഗലത്തെ ശ്രീ ദുർഗാവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ സാമൂഹിക ശാസ്ത്രത്തിൽ അദ്ധ്യാപകനായി. വിരമിക്കുന്നതു വരെ ആ ജോലി നിഷ്ഠയോടെ ചെയ്തു.
അതേസമയം രാഷ്ട്രീയ പ്രവർത്തനവും തുടർന്നു. 2016-ലും 2021-ലും കൂത്തുപറമ്പിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. പ്രചാരണത്തിന് നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കൾ എത്തിയിരുന്നു.
ഇടതുപക്ഷ
കുടുംബം
ഇടതുപക്ഷ പശ്ചാത്തലമുള്ള കുടുംബത്തിലാണ് സദാനന്ദൻ ജനിച്ചു വളർന്നത്. 18 വയസു വരെ എസ്.എഫ്.ഐ പ്രവർത്തകൻ. അച്ഛൻ കുഞ്ഞിരാമൻ നമ്പ്യാർ ഇടതുപക്ഷ അനുഭാവിയും ജ്യേഷ്ഠസഹോദരൻ സി.പി.എം. സജീവപ്രവർത്തകനും. ബിരുദപഠനകാലത്ത് മഹാകവി അക്കിത്തത്തിന്റെ 'ഭാരതദർശനങ്ങൾ" എന്ന കവിത വായിച്ചതിനെ തുടർന്നാണ് ചിന്താഗതിയിൽ മാറ്റം സംഭവിച്ചത്. ഭാരതീയ ചിന്തകളിൽ കൂടുതൽ ആഴത്തിലിറങ്ങി മനസിലാക്കുന്നതിനിടയിൽ മാർക്സിസ്റ്റ് ആശയപരിസരം വിട്ട് ദേശീയതയുടെ പാതയിലേക്കു വന്നു. കൂത്തുപറമ്പ്, മട്ടന്നൂർ പ്രദേശങ്ങളിൽ തന്റെ വ്യക്തിത്വപ്രഭാവം കൊണ്ട് സദാനന്ദ പക്ഷത്തേക്ക് ധാരാളം ആളുകൾ ആകൃഷ്ടരാകുന്നുവെന്ന് സി.പി.എം മനസിലാക്കി. വളർന്നുവരുന്ന ആർ.എസ്.എസ് നേതാവായ സദാനന്ദനെ നിർവീര്യമാക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.
സദാനന്ദന്റെ കാൽ വെട്ടിയ കേസിൽ എട്ടു സി.പി.എമ്മുകാരെ ഏഴു വർഷം തടവിനു ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശരിവച്ചിരുന്നു. പ്രതികളായ ഉരുവച്ചാൽ കുഴിക്കൽ കെ. ശ്രീധരൻ, മാതമംഗലം നാണു, പെരിഞ്ചേരി പുതിയവീട്ടിൽ മച്ചാൻ രാജൻ, കുഴിക്കൽ പി. കൃഷ്ണൻ, മനയ്ക്കൽ ചന്ത്രോത്ത് രവീന്ദ്രൻ, കരേറ്റ പുല്ലാഞ്ഞിയോടൻ സുരേഷ്ബാബു, പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ, കുഴിക്കൽ കെ. ബാലകൃഷ്ണൻ എന്നിവരുടെ തടവുശിക്ഷയാണ് ശരിവച്ചത്. സദാനന്ദനെതിരായ അക്രമത്തിന് 24 മണിക്കൂറിനകം നടത്തിയ തിരിച്ചടിയിൽ അന്ന് എസ്.എഫ്.ഐ. സംസ്ഥാന നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി സുധീഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പിന്നീട് കുറേനാൾ കണ്ണൂർ സംഘർഷഭരിതമായി തുടർന്നു.
മട്ടന്നൂർ പെരിഞ്ചേരി സ്വദേശിയാണ് സദാനന്ദൻ മാസ്റ്റർ. കൂത്തുപറമ്പ് സെന്റ് മേരീസ് കോളേജിൽ നിന്ന് ബി.കോമും, അസം ടി.ടി.ഐയിൽ സോഷ്യൽ സയൻസിൽ ബി.എഡും നേടി. 1992-ൽ കണ്ണൂർ കുഴിക്കൽ എൽ.പി സ്‌കൂളിൽ അദ്ധ്യാപകൻ. 1999-ൽ തൃശൂർ പേരാമംഗലം ശ്രീ ദുർഗവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായി. 2020 ഏപ്രിലിൽ വിരമിച്ചു. ദേശീയ അദ്ധ്യാപക സംഘടനയായ അദ്ധ്യാപക പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റ്. ദേശീയ അദ്ധ്യാപക വാർത്തയുടെ ചീഫ് എഡിറ്ററായി 15 വർഷം പ്രവർത്തിച്ചു. റിട്ട. അദ്ധ്യാപിക വനിതാ റാണിയാണ് ഭാര്യ. മകൾ യമുന ഭാരതി 2018-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി.ടെക് സിവിൽ ഒന്നാം റാങ്ക് ജേതാവ്. ഇപ്പോൾ തിരുവനന്തപുരത്ത് 'സിവിലിയൻസ്" എന്ന എൻജിനിയേഴ്സ് സ്ഥാപനത്തിൽ അസി. പ്രൊഫസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |