ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലേക്കുള്ള ജീവനക്കാരുടെ നേരിട്ടുള്ള നിയമനങ്ങളിൽ ഒ.ബി.സി, എസ്.സി- എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രധാന തീരുമാനം ഇക്കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നു. സാമൂഹ്യനീതിക്ക് ഇത് പുതിയ ദിശാബോധം നൽകുന്നുണ്ടോ, അതോ വൈകിയെത്തിയ അംഗീകാരമാണോ എന്നീ ചോദ്യങ്ങളുയർത്തിക്കൊണ്ട് ഈ നീക്കം രാജ്യത്തിന്റെ രാഷ്ട്രീയ- നിയമ മണ്ഡലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
സുപ്രീംകോടതിയുടെ ജീവനക്കാരുടെ നിയമനം നിയന്ത്രിക്കുന്ന 1961-ലെ Officers and Servants (Conditions of Service and Conduct) Rules-ലെ Rule 4 A ഭേദഗതി ചെയ്തുകൊണ്ടാണ് ഈ തീരുമാനം നടപ്പാക്കിയത്. ഇതുവരെ, ഇന്ത്യൻ ഭരണഘടനയുടെ Article 146 (2) പ്രകാരം സുപ്രീംകോടതിക്ക് ജീവനക്കാരെ നിയമിക്കുന്നതിൽ പ്രത്യേക അധികാരമുണ്ടായിരുന്നെങ്കിലും, എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾക്കും മറ്റും സംവരണം ലഭിച്ചിരുന്നില്ല.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലാണ് 1961-ലെ റൂൾസിന്റെ Rule 4 A പരിഷ്കരിച്ചത്. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിയുള്ളവർ, മുൻ സൈനികർ, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർ എന്നിവർക്കുള്ള സംവരണം സുപ്രീംകോടതിയുടെ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതിൽ ഉണ്ടാകുമെന്ന് ഔദ്യോഗിക ഗസറ്റിൽ പ്രകാശനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിലവിലെ 27 ശതമാനം ഒ.ബി.സി, 15 ശതമാനം എസ്.സി, 7.5 ശതമാനം എസ്.ടി തുടങ്ങിയ ക്വാട്ടകൾക്ക് അനുസൃതമായാണ് ഈ സംവരണം നടപ്പാക്കുന്നത്.
രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ പി. വിൽസൺ ഈ വിഷയത്തിൽ ദീർഘകാലമായി ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ ചരിത്രപരമായ ഒരു പരിഷ്കാരം ആയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 1992-ലെ 'Indra Sawhney vs Union of India" കേസിൽ സുപ്രീംകോടതി ഒ.ബി.സി ക്വാട്ടയ്ക്ക് സംവരണം അംഗീകരിച്ചിരുന്നെങ്കിലും 33 വർഷങ്ങൾക്കു ശേഷമാണ് ഇത് സുപ്രീംകോടതിയുടെ ജീവനക്കാരിൽ പ്രാവർത്തികമാകുന്നത്. പുതിയ ഉത്തരവനുസരിച്ച്, സംവരണം കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങൾക്കും ഉത്തരവുകൾക്കും അനുസരിച്ചായിരിക്കുമെങ്കിലും ചീഫ് ജസ്റ്റിസിന് ആവശ്യമായ ഭേദഗതികളോ ഒഴിവാക്കലുകളോ വരുത്താൻ അധികാരമുണ്ട്.
1995-ലെ R.K. Sabharwal കേസിൽ സുപ്രീംകോടതി തന്നെ വഴികാട്ടിയ 200-പോയിന്റ് റോസ്‌റ്റർ സംവിധാനം ഇപ്പോൾ സുപ്രീംകോടതി നിയമനങ്ങളിലും പ്രായോഗികമാക്കും. ഇത് സംവരണത്തിന്റെ ഉദ്ദേശ്യങ്ങളായ സമത്വവും പ്രാതിനിദ്ധ്യവും കോടതി സ്ഥാപനത്തിലും നിലനിറുത്താൻ സഹായിക്കും.
ചോദ്യങ്ങൾ
ബാക്കി
സുപ്രീംകോടതിയും നിയമസഭയും പോലുള്ള സ്ഥാപനങ്ങളിൽ സംവരണം നിഷേധിക്കുന്ന ഒരു പരമ്പരാഗത സമീപനം നിലനിന്നിരുന്നോ എന്ന ചോദ്യം ഈ തീരുമാനം ഉയർത്തുന്നുണ്ട്. ഇത് ആദർശപരമായതോ അതോ ചരിത്രപരമായി വൈകിയെത്തിയ അംഗീകാരമോ എന്നും ചർച്ചകൾക്ക് വഴിയൊരുക്കുന്നു. കൂടാതെ, ഈ തീരുമാനം മറ്റു കോടതികൾക്കും സംസ്ഥാന ഹൈക്കോടതികൾക്കും മാതൃകയാകുമോ എന്നതും നിർണായകമായ ചോദ്യമാണ്.
സുപ്രീംകോടതിയുടെ ജീവനക്കാരുടെ നിയമനത്തിൽ സംവരണം കൊണ്ടുവന്നത് ഭരണഘടനാപരമായ ബാദ്ധ്യത മാത്രമല്ല, സാമൂഹ്യനീതിയുടെ ഒരു മാനദണ്ഡം കൂടിയാണ്. കേന്ദ്ര സർക്കാരിന്റെ ജോലിസ്ഥലങ്ങളിൽ സംവരണം നിലവിലുണ്ടായിട്ടും, അതിന്റെ പരിവർത്തനം ഭരണവ്യവസ്ഥാപിത ഘടനകളിലേക്കും നീണ്ടുപോകുന്നത് ഇത്തരം നടപടികളിലൂടെയാണ്. ഇതൊരു വഴിത്തിരിവ് മാത്രമല്ല, നീതിയുടെ പ്രതീകാത്മകമായ പുനർവ്യാഖ്യാനം കൂടിയാണെന്ന് പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |