കണ്ണൂർ: മാടായി കോളജ് നിയമന വിവാദം കോൺഗ്രസിൽ കീറാമുട്ടിയായി തുടരുന്നു. ജില്ലയിൽ സി.പി.എമ്മിനോട് പോരാടാൻ ശക്തിയുള്ള പയ്യന്നൂരിലെ ചില കേന്ദ്രങ്ങൾ, പഴയങ്ങാടി, മാടായി, കുഞ്ഞിമംഗലം പ്രദേശങ്ങളിലെ വലിയൊരു വിഭാഗം പ്രവർത്തകർ നിലവിൽ പാർട്ടിയുമായി നിസഹകരണത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം വിഭാവനം ചെയ്യുന്ന പദ്ധതികളൊന്നും ഇവിടെ നടക്കുന്നില്ല. കഴിഞ്ഞ ദിവസം കുഞ്ഞിമംഗലത്ത് വിളിച്ചു ചേർത്ത യോഗം സംഘർഷത്തിൽ കലാശിച്ചിരുന്നു.
വിഷയത്തിൽ ഡി.സി.സി നേതൃത്വം പൂർണ്ണമായും നിസ്സഹായരാണ്. കെ.പി.സി.സി നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായാലേ ഇനി പ്രശ്നപരിഹാരമുണ്ടാക്കാൻ സാധിക്കുകയുള്ളുവെന്നാണ് അണികൾ പറയുന്നത്. നിയമനം റദ്ദാക്കണമെന്നതാണ് ഇടഞ്ഞു നിൽക്കുന്നവരുടെ ആവശ്യം. സാങ്കേതികമായി ഇത് ബുദ്ധിമുട്ടാണ്. വിഷയം പ്രാദേശിക രംഗത്ത് പുകയുന്നത് പാർട്ടി പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് മുൻകയ്യെടുത്ത് ചർച്ചകൾ വിളിച്ചു ചേർത്തിരുന്നെങ്കിലും അനുരഞ്ജനലെത്തിയില്ല.
തിരുവഞ്ചൂർ കമ്മിറ്റി റിപ്പോർട്ട്
പുറത്തുവിടണമെന്ന് ആവശ്യം
സംഭവവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നിയോഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ വീണ്ടും പ്രതിഷേധരംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഉടൻ പ്രവർത്തക കൺവെൻഷൻ വിളിക്കാനാണ് ഇവരുടെ തീരുമാനം.കോൺഗ്രസ് പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ കണ്ണൂർ ഡി.സി സി പക്ഷം പിടിക്കുന്നുവെന്ന് ഈ വിഭാഗത്തിന് പരാതിയുണ്ട്. നിയമന വിവാദം അന്വേഷിക്കാൻ വച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല. പ്രാദേശിക നേതൃത്വവും ഡി.സി.സിയും ചർച്ചകൾ തുടരുന്നതിനിടെ കുഞ്ഞിമംഗലത്ത് പഴയ മണ്ഡലം പ്രസിഡന്റിനെ ഡി.സി സി തുടരാൻ അനുവദിച്ചതും പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.
പ്രതിഷേധമുയർത്തിയ ബന്ധുനിയമനം
എം.കെ രാഘവൻ എം.പിയുടെ ബന്ധുവായ സി.പി.എം പ്രവർത്തകന് ഓഫീസ് അറ്റൻഡന്റായി നിയമനം നൽകിയതിലാണ് കണ്ണൂർ കോൺഗ്രസിൽ പ്രതിഷേധമുയർന്നത്. വിഷയത്തിൽ രാഘവനെ പിന്തുണയ്ക്കുന്ന കോളേജ് ഡയറക്ടർമാരെയും പ്രതിഷേധിച്ച നേതാക്കളെയും സസ്‌പെൻഡ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുത്തു. അവസാനിച്ചെന്ന് കരുതിയ തർക്കമാണ് തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽ നിൽക്കെ കോൺഗ്രസിന് വീണ്ടും കടുത്ത തലവേദന സൃഷ്ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |