2006ലാണ് വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. എന്നാൽ അതിന് പത്തുവർഷം മുമ്പ് (കൃത്യമായി പറഞ്ഞാൽ 1996ൽ ) അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ എത്തേണ്ടതായിരുന്നു. കപ്പിനും ചുണ്ടിനുമിടയിൽ അധികാരം നഷ്ടമാക്കിയതാകട്ടെ പാർട്ടിയിലെ കടുത്ത വിഭാഗീയതയും.
അന്ന് തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പാർട്ടിയിൽ വി എസ് തന്നെയായിരുന്നു നമ്പർ വൺ. ചോദ്യം ചെയ്യാൻ ആരുമില്ലാത്തത്ര ശക്തൻ. ഇടതുകോട്ടയായ മാരാരിക്കുളത്തുതന്നെ അദ്ദേഹം മത്സരിക്കാനെത്തി. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാണെന്ന് ഏവരും ഉറപ്പിച്ചു. പക്ഷേ, ഫലംവന്നപ്പോൾ അദ്ദേഹം തോറ്റു. 1965 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി പി ജെ ഫ്രാൻസിസാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 1991 ലെ തിരഞ്ഞെടുപ്പിൽ 9,980 വോട്ടുകൾക്ക് വി.എസ്. ജയിച്ച മണ്ഡലമായിരുന്നു മാരാരിക്കുളം.വി എസിന് മാത്രമല്ല പാർട്ടിക്കും ഈ തോൽവി വിശ്വസിക്കാനാവുന്നതിനും അപ്പുറമായിരുന്നു. വി എസിന്റെ അഭാവത്തിൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായി.
തോൽവിയെക്കുറിച്ച് പാർട്ടി നടത്തിയ അന്വേഷണത്തിൽ വി.എസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ടി കെ.പളനിയെ തോൽവിയുടെ കാരണം ആരോപിച്ച് പാർട്ടിയിൽ തരംതാഴ്ത്തി. പളനിയുടെ പേരെടുത്ത് പറഞ്ഞ് വി.എസ്. പാർട്ടി നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു. പളനിക്കൊപ്പം മറ്റു ചില നേതാക്കൾക്കെതിരെയും നടപടിയുണ്ടായി.
തുടക്കം തോൽവിയോടെ
വി എസിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തുടക്കം തോൽവിയോടെയായിരുന്നു. 1965ൽ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ കോൺഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യത്തെ മത്സരവും പരാജയവും. പിന്നീട് 1967ൽ കോൺഗ്രസിന്റെ എ അച്യുതനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. മൂന്ന് തവണ പ്രതിപക്ഷ നേതാവായിരുന്നു. പ്രതിപക്ഷ നേതാവെന്ന രീതിയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റി. അദ്ദേഹത്തിന്റെ ജനപ്രീതിക്ക് പ്രധാന കാരണവും ഇതായിരുന്നു.
പതിനൊന്നാം വയസിൽ അച്ഛനെ നഷ്ടമായതോടെ വി എസിന് പഠനം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയിൽ ജോലി നോക്കി . അതിനുശേഷം കയർ ഫാക്ടറിയിൽ ജോലിക്ക് കയറി. ഇതാേടെയാണ് വി എസിലെ നേതാവും സംഘാടകനും ഉണർന്നത്. ഒരു തൊഴിലാളി അനുഭവിക്കുന്ന പ്രശ്നങ്ങളും അടിച്ചമർത്തലുകളും എന്താണെന്ന് അവിടെവെച്ചാണ് അദ്ദേഹം കണ്ടും അനുഭവിച്ചും ശരിക്കും മനസിലാക്കുകയായിരുന്നു.
നാട്ടിൽ നിവർത്തനപ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോൾ അതിൽ ആകൃഷ്ടനായ വി എസ് 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. 1940ലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. 1946 ലാണ് പാർട്ടിയുടെ നേതൃത്വത്തിൽ പുന്നപ്രവയലാർ സമരം നടക്കുന്നത്. സമരത്തിൽ പങ്കെടുത്തവരിൽ പ്രധാനിയായിരുന്നു വി എസ്. ഒളിവിൽ കഴിയവേ പൂഞ്ഞാറിൽനിന്ന് അറസ്റ്റിലായി. കൊടിയ പീഡനമായിരുന്നു തുടർന്ന് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. പാർട്ടിയെ കുറിച്ചും നേതാക്കളെക്കുറിച്ചും ആവർത്തിച്ച് ചോദിച്ചിട്ടും വി എസ് ഒന്നും പറഞ്ഞില്ല.
ജയിലഴിക്കുളളിൽ കാലുകൾ പുറത്തേക്ക് വലിച്ച് ലാത്തികൊണ്ട് കെട്ടി തല്ലി ചതച്ചു. ബോധം നശിച്ച വിഎസിന്റെ കാലിൽ തോക്കിന്റെ ബയണറ്റ് കുത്തിയിറക്കി. പാദം തുളച്ച് കയറി മറുവശത്ത് എത്തിയ പാടുകൾ ഇന്നും ആ കാലുകളിലുണ്ടായിരുന്നു. തുടർന്ന് പനി പിടിച്ച് പൂർണമായും ബോധം നശിച്ച വിഎസ് മരിച്ചുവെന്ന് കരുതി പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. അന്ന് ജീവൻ രക്ഷിച്ചത് പൊലീസ് പിടിയിലായ ഒരു കളളനാണെന്ന് വി എസ് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അജയ്യനായി വളർന്ന വിഎസ് വഹിക്കാത്ത പദവികളില്ല. കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാർട്ടി സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ അങ്ങനെ പോകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |