ഷാർജ: അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാർജയിൽ എത്തി. ബന്ധുവിനൊപ്പം ഇന്ന് പുലർച്ചെയാണ് ഷാർജയിൽ എത്തിയത്. മകളുടെയും കുട്ടിയുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് അധികൃതരോട് ആവശ്യപ്പെടും. വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽ നിന്ന് ഇന്ന് രാത്രിയോടെ ഷാർജയിൽ എത്തും. വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെതിരെ ഷാർജയിൽ പരാതി നൽകാനും വിപഞ്ചികയുടെ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായും ബന്ധുക്കൾ സംസാരിക്കും.
അതേസമയം, നിധീഷിന്റെയും ബന്ധുക്കളുടെയും പേരിൽ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭർത്താവ് നിധീഷ്, ഭർതൃസഹോദരി നീതു, നിധീഷിന്റെ അച്ഛൻ മോഹനൻ എന്നിവരെ ഒന്നുമുതൽ മൂന്നുവരെ പ്രതികളാക്കിയാണ് കേസ്. ഷൈലജയുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിപഞ്ചികയും(33) മകൾ വൈഭവിയും ഇവർ താമസിച്ചിരുന്ന ഷാർജിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ എച്ച‌്‌ആർ മാനേജറായിരുന്നു എംബിഎ ബിരുദധാരിയായ വിപഞ്ചിക. 2020 നവംബറിലായിരുന്നു കോട്ടയം സ്വദേശി നിധീഷുമായി വിപഞ്ചികയുടെ വിവാഹം. വിവാഹശേഷം ഷാർജയിൽ തന്നെയുള്ള ഭർത്താവിന്റെയും ബന്ധുക്കളുടെയും ഒപ്പമായിരുന്നു താമസം. ആദ്യദിവസം മുതൽ കടുത്ത പീഡനവും അവഹേളനവും അനുഭവിച്ചതായി വിപഞ്ചിക ആറുപേജുള്ള ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഷാർജയിൽ നടന്ന കുറ്റകൃത്യം ഇവിടെ അന്വേഷിക്കണമെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യം. ഷാർജയിലെ പരിശോധനകളിൽ വിശ്വാസമില്ലെന്നും നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഭർതൃകുടുംബത്തിനെതിരെ വിപഞ്ചിക ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |