കൊല്ലം: സി.പി.എം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കൊട്ടാരക്കര മുൻ എം.എൽ.എ ഐഷാ പോറ്റി, ഇന്ന് വൈകിട്ട് കൊട്ടാരക്കരയിൽ നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷകയായി പങ്കെടുക്കുന്നത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കി.
കൊടിക്കുന്നിൽ സുരേഷ് എം.പിക്കും ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്കുമൊപ്പമുള്ള, ഐഷാ പോറ്റിയുടെ ചിത്രമടങ്ങിയ പരിപാടിയുടെ പോസ്റ്ററാണ് പ്രചരിക്കുന്നത്. കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റി കലയപുരം ആശ്രയ സങ്കേതത്തിലാണ് പരിപാടി. കഴിഞ്ഞ മാർച്ചിൽ കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കീഴ്ഘടക സമ്മേളനങ്ങളിലൊന്നും ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഐഷാ പോറ്റി പങ്കെടുത്തിരുന്നില്ല. ആദ്യം ഏരിയ കമ്മിറ്റിയിൽ നിന്നും തുടർന്ന് ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയെങ്കിലും സംസ്ഥാന സമ്മേളന ശേഷം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
1991ലാണ് പി.ഐഷാ പോറ്റി സി.പി.എമ്മിൽ ചേർന്നത്. 2000ൽ കൊല്ലം ജില്ലാ
പഞ്ചായത്തംഗവും, പ്രസിഡന്റുമായി. 2005ൽ വീണ്ടും ജില്ലാ പഞ്ചായത്തംഗമായി. 2006ൽ മുൻ മന്ത്രിയും കേരളരാഷ്ട്രീയത്തിലെ അതികായനുമായിരുന്ന ആർ.ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച് നിയമസഭാംഗമായി. അടുപ്പിച്ച് രണ്ട് ടേം മണ്ഡലത്തിൽ വിജയിച്ചു. മൂന്നാമത് മത്സരിപ്പിക്കേണ്ടെന്ന് പാർട്ടി നേതൃത്വം ആലോചിച്ചത് മുതൽ അകൽച്ചയിലായിരുന്നു. ഒടുവിൽ വിജയ സാദ്ധ്യത കണക്കിലെടുത്ത് 2016ൽ വീണ്ടും സീറ്റ് നൽകി. വിജയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ.ബാലഗോപാലിനാണ് കൊട്ടാരക്കര സീറ്റ് സി.പി.എം നൽകിയത്.
ആരോഗ്യ പ്രശ്നങ്ങൾ നിമിത്തവും ,അഭിഭാഷക വൃത്തിയിൽ കൂടുതൽ
ശ്രദ്ധിക്കണമെന്നതിനാലും പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇത്തവണ പാർട്ടി മെമ്പർഷിപ് പുതുക്കിയില്ല.
സ്വാഗതം ചെയ്ത്
കോൺഗ്രസ്
ഐഷാ പോറ്റി സി.പി.എം വിടുമെന്ന പ്രചാരണം ഉയർന്നതോടെ കോൺഗ്രസ് നേതൃത്വം ചർച്ചകൾ തുടങ്ങി. അതിനിടെയാണ് ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുക്കുന്നത്.കോൺഗ്രസ് ഐഷാപോറ്റിക്ക് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.എന്നാൽ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിലേക്ക് ക്ഷണിച്ചതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുമില്ല. ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിന് വിളിച്ചു, പങ്കെടുക്കും. എല്ലാ പാർട്ടിക്കാരെയും വിളിച്ചിട്ടുണ്ടെന്നാണ് സംഘാടകർ പറഞ്ഞത്. വിവാദമാക്കേണ്ടതില്ല.
പി. ഐഷാപോറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |