തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ തിരിച്ചെത്തി. 20 ദിവസങ്ങൾക്കുശേഷമാണ് വിസി സർവകലാശാല ആസ്ഥാനത്തെ ഓഫീസിലെത്തിയത്. ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സർവകലാശാലയിൽ ഒരുക്കിയിരുന്നു. വിസി എത്തിയാൽ തടയുമെന്ന് എസ്‌എഫ്‌ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങളൊന്നുമുണ്ടായില്ല.
'കുട്ടികളുടെ വിഷയം കൈകാര്യം ചെയ്യാനാണ് ഞാനിന്ന് പ്രധാനമായും വന്നത്. 1838 ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടു. അതിൽ ഇന്നുമാത്രം വന്നത് 145 അപേക്ഷകളാണ്. ഡിഗ്രി സർട്ടിഫിക്കറ്റ് ഒന്നുംതന്നെ ഇനി ഒപ്പിടാനില്ല. അത്യാവശ്യമുള്ള എല്ലാ ഫയലുകളും കൈകാര്യം ചെയ്തു. ഇതോടെ ഒരു ഫയലും എന്റെ മുന്നിൽ ഇപ്പോഴില്ല.
ഇത്രയും ദിവസം എന്തുകൊണ്ട് വന്നില്ല എന്നുചോദിച്ചാൽ, സർവകലാശാലയുടെ എല്ലാ ഗ്രില്ലുകളും തല്ലിപ്പൊളിച്ച് ഇതിനകത്ത് കയറി അക്രമം നടത്തിയ ആളുകളുണ്ട്. അവർ വിദ്യാർത്ഥികളാണ് എന്നാണ് അവകാശപ്പെടുന്നതെങ്കിലും ആണോ അല്ലയോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇവരിൽ വലിയൊരു ശതമാനം പേരും വിദ്യാർത്ഥികളെന്ന വ്യാജേന നടക്കുന്നവരാണ്.
നമ്മുടെ നാട്ടിൽ വലിയൊരു തട്ടിപ്പ് നടക്കുന്നുണ്ട്. ഏതെങ്കിലും ഒരു കോഴ്‌സിന് ചേരും. എന്നിട്ട് മൂന്ന് വർഷം പൂർത്തിയാക്കുമെങ്കിലും ഒരു പരീക്ഷയും പാസാകില്ല. എന്നിട്ട് അടുത്ത ഡിഗ്രിക്ക് ചേരും. അങ്ങനെ സ്ഥിരമായി വിദ്യാർത്ഥികളാകുന്ന പ്രൊഫഷണലുകളുണ്ട്. അവരുടെ പ്രധാന പരിപാടി സമരവും അക്രമവുമാണ്. ഇതിനിടെ പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തകർക്കുക കൂടി ചെയ്യുന്നു. ഇങ്ങനെയൊരു കലാപം നടക്കുമ്പോൾ ഞാൻ കൂടി വന്ന് കലാപത്തിൽ എണ്ണ ഒഴിക്കേണ്ട എന്നുകരുതിയാണ് വരാതെ ഇരുന്നത്. വിസിയെ തടയില്ല എന്ന് പരസ്യമായി പറയുന്നത് കേട്ടു. സിൻഡിക്കേറ്റ് അംഗങ്ങളും അങ്ങനെ പറയുന്നുണ്ടായിരുന്നു. ആ വാക്കുകൾ വിശ്വസിച്ചാണ് ഞാനിന്ന് വന്നത്.
നാടിന്റെ തലവൻ ഗവർണർ ആണ്, സർവകലാശാലയുടെ തലവൻ ചാൻസലറും. അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്തയാളെ സസ്‌പെൻഡ് ചെയ്ത് മാറ്റിനിർത്തുകയാണ് ചെയ്തത്. അങ്ങനെ ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. അത് അന്വേഷിക്കാനാണ് സിൻഡിക്കേറ്റിനെ ചുമതലപ്പെടുത്തിയത്. അത് വകവയ്ക്കാതെയാണ് ഓരോ കാര്യങ്ങൾ സംഭവിച്ചത്. നിയമം പാലിക്കണം എന്നാണ് ഈ ആളുകളോട് പറയാനുള്ളത്'- വിസി മോഹനൻ കുന്നുമ്മൽ പറഞ്ഞു. അതേസമയം, രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറും ഔദ്യോഗിക വാഹനത്തിൽ സർവകലാശാലയിൽ ഇന്ന് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |