കൊല്ലം: തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള. വിവാഹം കഴിഞ്ഞ ആദ്യനാളുകൾ മുതൽതന്നെ അതുല്യയുടെ ഭർത്താവ് സതീഷ് ഉപദ്രവം തുടങ്ങിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്ത്രീധനത്തിന്റെ പേരിൽ പീഡനം തുടങ്ങിയിരുന്നുവെന്നും രാജശേഖരൻ പിള്ള പറഞ്ഞു.
'ബന്ധം ഒഴിയാൻ തീരുമാനിച്ചതാണ്. എന്നാൽ കോടതി കൗൺസിലിംഗിലൂടെ ഒന്നിപ്പിക്കുകയായിരുന്നു. അമിതമായി മദ്യപിച്ച് മകളെ മൃഗീയമായി ഉപദ്രവിക്കുമായിരുന്നു. മകൾ ഒരുപാട് അനുഭവിച്ചു. ഒരു ദിവസം പോലും ഭാര്യയെന്ന നിലയിൽ സന്തോഷമായി ജീവിച്ചിട്ടില്ല. തിരിച്ചുവരണമെന്ന് മകൾക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സതീഷ് അതിന് അനുവദിച്ചിരുന്നില്ല. മദ്യപിക്കുമ്പോൾ ടച്ചിംഗ്‌സ് ഉണ്ടാക്കാൻ വേണ്ടിയാണ് അവളെ അവിടെ നിർത്തിയത്. ഷൂലേസ് കെട്ടികൊടുക്കുന്നതുവരെ മകളാണ്. ഭാര്യയെന്ന പരിഗണന നൽകിയിരുന്നില്ല. പത്ത് വയസുള്ള കുഞ്ഞിനെ കരുതിയാണ് മകൾ സഹിച്ചുനിന്നത്'- രാജശേഖരൻ പറഞ്ഞു.
തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മകൾക്ക് നീതി ലഭിക്കണമെന്നും അതുല്യയുടെ അമ്മ തുളസി ഭായ്. 'അങ്ങനെ മരിച്ചാൽ എന്നെ അയാൾ കൊന്നതാണെന്ന് അമ്മ കരുതണമെന്ന് പറഞ്ഞു. ജന്മദിനത്തിന്റെ അന്ന് മകൾ ഒരിക്കലും മരിക്കില്ല. പരസ്‌പര വിരുദ്ധമായാണ് സതീഷ് സംസാരിക്കുന്നത്. അവളെ കെട്ടിതൂക്കിയതായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ തന്നെ സതീഷിന് സംശയവും ഭീഷണിയുമൊക്കെയായിരുന്നു. മൂക്കറ്റം കുടിച്ചിട്ടാണ് മകളെ ഉപദ്രവിച്ചിരുന്നത്. മകളുടെ മുന്നിൽവച്ചും അതുല്യയെ ഉപദ്രവിച്ചിരുന്നു'-അമ്മ വ്യക്തമാക്കി. കൊല്ലം സ്വദേശിനി അതുല്യയെ (30) ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. സതീഷിനെതിരെ ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |