കോട്ടയം : മഴയെത്തിയതോടെ എം.സി റോഡിലുൾപ്പെടെ കുഴികൾ നിറഞ്ഞ് തുടങ്ങി. ഇതോടെ അപകടസാദ്ധ്യതയുമേറി. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് ഇരുചക്രവാഹനങ്ങൾക്കടക്കം കെണിയൊരുക്കുന്നത്. അടുത്തകാലത്ത് റീടാർ ചെയ്ത ഗ്രാമീണ റോഡുകളിലടക്കം കാൽനടയാത്ര പോലും ദുഷ്‌ക്കരമായി. നാഗമ്പടം മേൽപ്പാലം സിഗ്‌നൽ ജംഗ്ഷന് സമീപം, കഞ്ഞിക്കുഴി റോഡ്, മാർക്കറ്റ് റോഡ്, പാസ്‌പോർട്ട് ഓഫീസ് റോഡ്, ചെല്ലിയൊഴുക്കം റോഡ്, കളക്ടറേറ്റ്, പ്ലാന്റേഷൻ റോഡ് തുടങ്ങി നിരവധിയിടങ്ങളിലാണ് കുഴികൾ. നാഗമ്പടം പാലത്തിന് സമീപം രൂപപ്പെട്ട കുഴിയിൽ വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവായി. ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് കഴിഞ്ഞ ദിവസം കുഴിയ്ക്ക് മുകളിൽ കസേര സ്ഥാപിച്ചിരുന്നു.ഇത് മാറ്റി കല്ലുകൾ നിറച്ച നിലയിലാണ്. പാലത്തിലെ കുഴികൾ മൂടേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. മുൻപ് റെയിൽവേയുടെ കൈവശമായിരുന്നു മേൽപ്പാലവും ഇരുവശങ്ങളിലുള്ള സമീപപാതകളും.
നവീകരിച്ചു, പിന്നാലെ തകർന്നു
സമീപകാലത്ത് എം.സി റോഡ് ചെങ്ങന്നൂർ വരെ നവീകരിച്ചിരുന്നു. ആധുനിക നിലവാരത്തിൽ നവീകരണം പൂർത്തിയായ ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പാലാത്ര ബൈപാസ് ജംഗ്ഷനിലാണ് റോഡ് പൊളിഞ്ഞുതുടങ്ങിയത്. രാത്രികാലങ്ങളിൽ കുഴികളറിയാതെ എത്തുന്നവരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. താത്കാലികമായി കുഴികൾ അടയ്ക്കുന്നുണ്ടെങ്കിലും പലയിടത്തും ഫലം കാണുന്നില്ല.
ഇവിടെ സൂക്ഷിക്കണം
നാഗമ്പടം മേൽപ്പാലം, മണിപ്പുഴ റെയിൽവേ മേൽപ്പാലം, കഞ്ഞിക്കുഴി, പ്ലാന്റേഷൻ റോഡ്, മാർക്കറ്റ് റോഡ്, കല്യാൺ സിൽക്‌സിന് സമീപത്തെ റോഡ്, കഞ്ഞിക്കുഴി പാലം.
അപകടത്തിലേക്ക് വഴിതുറന്ന്
രാത്രിയിലെ വെളിച്ചക്കുറവും, മഴയും കാരണം കുഴികാണില്ല
കുഴികൾക്ക് സമീപമെത്തുമ്പോൾ പെട്ടെന്ന് ബ്രേക്കിടുന്നത്
കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത്
''ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനം പ്രതിസംഭവിക്കുന്നത്. മേൽപ്പാലം റോഡിലെയും മറ്റ് പ്രധാന റോഡിലെയും കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണം.
(ഗണേശ്, യാത്രക്കാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |